ഓണ്‍ലൈന്‍ വ്യാപാരത്തിനൊരുങ്ങി ഗൂഗിള്‍: അരങ്ങേറ്റം ഇന്ത്യയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓണ്‍ലൈന്‍ വ്യാപാരത്തിനൊരുങ്ങി ഗൂഗിള്‍: അരങ്ങേറ്റം ഇന്ത്യയില്‍

കൊച്ചി: ഇ-കൊമേഴ്‌സ് മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ആഗോള സെർച്ച് എൻജിൻ കമ്പനിയായ ഗൂഗിൾ. ഓൺലൈൻ വ്യാപാര മേഖലയിലേക്കുള്ള ഗൂഗിളിന്‍റെ അരങ്ങേറ്റം ഇന്ത്യയില്‍ നിന്നായിരിക്കുമെന്നു സൂചന. ദീപാവലിക്കു മുന്നോടിയായി ഇ-കൊമേഴ്‌സ് സൈറ്റും ആപ്പും അവതരിപ്പിച്ചേക്കും.

 

ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി ഇപ്പോൾ 2.60 ലക്ഷം കോടി രൂപ (3,850 കോടി ഡോളർ) യുടേതാണ്. 2020-ഓടെ ഇത് 6.80 ലക്ഷം കോടി രൂപ (10,000 കോടി രൂപ) യുടേതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ട് ഇന്ത്യയിലെ ഓൺലൈൻ വ്യാപാര സംരംഭമായ ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തപ്പോൾ ഗൂഗിളും പങ്കാളികളാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സ്വന്തം നിലയിൽത്തന്നെ ഇന്ത്യൻ ഇ-കൊമേഴ്‌സ് രംഗത്തേക്ക് ചുവടുവയ്ക്കാനായിരുന്നു കമ്പനി തീരുമാനിച്ചത്.

 

ഗൂഗിളിന് നിലവിൽ ഇന്ത്യയിൽ പതിനായിരത്തിലേറെ ജീവനക്കാരാണ് ഉള്ളത്. 111 കോടി ഡോളറാണ് ഗൂഗിൾ ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ വരുമാനം. ഗൂഗിളിന്റെ പെയ്‌മെന്റ്‌സ് ആപ്പായ തേസ് 1.1 കോടിയാളുകൾ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. ഒരു കോടി ചെറുകിട-ഇടത്തരം വ്യവസായ സംരംഭകർ ഗൂഗിളിന്റെ മൈ ബിസിനസ് സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

 

ഗൂഗിൾ മാപ്പിലൂടെയും സെർച്ചിലൂടെയും വ്യാപാര സ്ഥാപനത്തിന്റെ വിവരങ്ങൾ നൽകുന്ന സേവനമാണ് ഇത്. ഇതിനു പുറമെ, രാജ്യത്തെ സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ 90 ശതമാനവും ഗൂഗിളിന്റെ ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള ഡിവൈസാണ് ഉപയോഗിക്കുന്നത്. ഇതൊക്കെ, ഓൺലൈൻ വ്യാപാര രംഗത്തേക്ക് ഇറങ്ങുമ്പോൾ ഗൂഗിളിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ഇ-കൊമേഴ്‌സ് രംഗത്തെ കമ്പനികളെ ഉൾപ്പെടുത്തി 2012 മുതൽ മൂന്നു വർഷം ഗൂഗിൾ, ഇന്ത്യയിൽ ഗ്രേറ്റ് ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവൽ നടത്തിയിരുന്നു. എന്നാൽ, 2015-ഓടെ ഈ ഓൺലൈൻ വ്യാപാര മേള വേണ്ടെന്നു വച്ചു.