ഉപയോക്താവിന്റെ മുഖം നോക്കി ലോക്കു തുറക്കുന്ന ഐഫോണ്‍ X

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉപയോക്താവിന്റെ മുഖം നോക്കി ലോക്കു തുറക്കുന്ന ഐഫോണ്‍ X

ഉപയോക്താവിന്റെ മുഖം നോക്കി ലോക്കു തുറക്കുന്ന ഐഫോണ്‍ X, ഐഫോണ്‍8, ഐഫോണ്‍ 8പ്ലസ് എന്നിവക്ക് പുറമേ ആപ്പിള്‍ വാച്ചിന്റെയും ആപ്പിള്‍ ടിവിയുടേയും പുതിയ പതിപ്പുകളും കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങില്‍ പുറത്തിറക്കി.

ആദ്യ ഐഫോണ്‍ അവതരിച്ചതിന്റെ പത്താം വര്‍ഷത്തിലാണ് വിപ്ലവകരമായ മാറ്റങ്ങളുമായി ഐഫോണ്‍ പത്ത് പുറത്തിറങ്ങുന്നത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ. ടിം കുക്കിന്റെ നേതൃത്വത്തിലായിരുന്നു പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചത്. ഐഫോണ്‍ 8 നിലവിലുള്ള ഐഫോണുകളുടെ തുടര്‍ച്ചയാണെങ്കില്‍ പ്രകടമായ മാറ്റങ്ങളുള്ള മോഡലാണ് ഐഫോണ്‍ ടെന്‍ ( iPhone X ). ഹോം ബട്ടണില്ലാത്ത ഐഫോണ്‍ പതിപ്പെന്ന് ഒറ്റവാക്കില്‍ ഐഫോണ്‍ X നെ വിശേഷിപ്പിക്കാം. പകരം മുന്‍ഭാഗത്ത് നിറഞ്ഞിരിക്കുന്ന സ്‌ക്രീനില്‍ സൈ്വപ്പ് ചെയ്ത് ഹോം സ്‌ക്രീനിലെത്താം.

ഐഫോണ്‍ ടെന്‍ തുറക്കാന്‍ പുതിയ ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. രാത്രിയില്‍ പോലും ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് തനിയെ ലോക്ക് തുറക്കുന്ന സംവിധാനമാണ് ഇത്.
ഐഫോണ്‍ ടെന്നിന്റെ സ്‌ക്രീന്‍ പുതിയ 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേയാണ്. 1125X2436 റെസല്യൂഷന്‍. ഓപ്പറേറ്റിങ് സിസ്റ്റം ഐഒഎസ് 11. 7 മെഗാപിക്‌സല്‍ മുന്‍ക്യാമറയുണ്ട്. 12 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് ഐഫോണ്‍ പത്തിന്.

ബേസെല്‍ ലെസ് ഡിസൈനാണ് മറ്റൊരു പ്രത്യേകത. ഐഫോണ്‍ ടെന്‍ നവംബര്‍ മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. 64 ജിബി പതിപ്പിന് ഏതാണ്ട് 89,000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 256 ജിബി മോഡലിന് വില 1.2 ലക്ഷം വരും. മുന്നിലും പിന്നിലും ഗ്ലാസുകൊണ്ടു നിര്‍മിച്ചിട്ടുള്ളവയാണ് ഐ ഫോണ്‍ 8 ഉം 8 പ്ലസ്സും. ഐഫോണ്‍ ഏഴിനേക്കാള്‍ 25 ശതമാനം കൂടുതല്‍ ശബ്ദനിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകളാണ് പുതിയ മോഡലുകളിലുള്ളത്.
ഐഫോണ്‍ എട്ടിന് 64,000 രൂപ മുതലാണ് വില. സെപ്റ്റംബര്‍ അവസാനം മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. ഐഫോണ്‍ 8നും 8 പ്ലസ്സിനും 12 മെഗാപിക്‌സല്‍ പിന്‍ക്യാമറയും ഏഴ് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. ഹെക്‌സാ കോറാണ് പ്രോസസര്‍. 64 ജിബി, 256 ജിബി എന്നീ രണ്ടു മോഡലുകളുണ്ട്.വയര്‍ലെസ് ചാര്‍ജറുകളാണ് പുതിയ പതിപ്പുകളുടെ മറ്റൊരു പ്രത്യേകത.  ആപ്പിള്‍ വാച്ചുകളുടെ പുതിയ പതിപ്പില്‍ സെല്ലുലാര്‍ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട് 4 കെയും എച്ച്.ഡി.ആറും സപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ ആപ്പിള്‍ ടി.വി. 4 കെ.


LATEST NEWS