ജനപിന്തുണയില്ലാതെ ഗൂഗിൾ ക്രോം; സ്വകാര്യത സംരക്ഷിക്കുന്ന വെബ് ബ്രൗസറായി ഫയർഫോക്സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജനപിന്തുണയില്ലാതെ ഗൂഗിൾ ക്രോം; സ്വകാര്യത സംരക്ഷിക്കുന്ന വെബ് ബ്രൗസറായി ഫയർഫോക്സ്

ജനപ്രിയ വെബ് ബ്രൗസർ ഗൂഗിൾ ക്രോം ഡേറ്റ ചോർത്തുമെന്ന് ആദ്യം വിളിച്ചു പറഞ്ഞത് മോസില ഫയർഫോക്സ് ആണ്. അത്രയ്ക്കൊന്നും ജനപിന്തുണയില്ലെങ്കിലും ഉപയോക്താക്കളുടെ പ്രവർത്തനങ്ങളെല്ലാം നിരീക്ഷിച്ച് ആ വിവരങ്ങൾ ശേഖരിച്ച് പരസ്യക്കച്ചവടത്തിനുപയോഗിക്കുന്ന ഗൂഗിൾ മാതൃകയെ വിമർശിക്കുമ്പോൾ ലോകത്തെ ഏറ്റവും സുരക്ഷിതമായ, സ്വകാര്യത സംരക്ഷിക്കുന്ന ട്രാക്കർമാരെ ട്രാക്ക് ചെയ്യുന്ന വെബ് ബ്രൗസറായി ഫയർഫോക്സ് മാറിക്കഴിഞ്ഞിരുന്നു. 

ഫയർഫോക്സിന്റെ പിന്നാലെ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിന്റെ പുതിയ പതിപ്പിലൂടെ ക്രോമിനെ വീണ്ടും തളർത്തുകയാണ്. ട്രാക്കിങ് പ്രൊട്ടക്‌ഷനുള്ള പുതിയ എഡ്ജ് ബ്രൗസർ 2020 ജനുവരി 15നെത്തുമ്പോൾ ട്രാക്കിങ് ആഘോഷിക്കുന്ന ഗൂഗിൾ ക്രോം വിയർക്കാതിരിക്കുന്നതെങ്ങനെ.  ക്രോമിയം എൻജിനിൽ പ്രവർത്തിക്കുന്ന ബ്രേവ് ബ്രൗസർ ഉൾപ്പെടെ ട്രാക്കിങ്ങിൽ നിന്ന് ഉപയോക്താക്കൾക്കു മോചനം നൽകുന്ന ന്യൂജെൻ ബ്രൗസറുകൾ ക്രോമിനു വലിയ വെല്ലുവിളി തന്നെയാണ്.

ഗൂഗിളുമായുള്ള അന്തർധാര സജീവം, റാഡിക്കലായ മാറ്റത്തിനു മൈക്രോസോഫ്റ്റ്

ക്രോം വെബ് ബ്രൗസറിനു വേഗം കുറവാണ്, വേണ്ടത്ര സുരക്ഷയില്ല തുടങ്ങി പരാതികൾ കുറച്ചൊന്നുമല്ല മൈക്രോസോഫ്റ്റ് പറഞ്ഞിട്ടുള്ളത്. എന്നിട്ട് ഒടുവിൽ ക്രോമിയം എൻജിനിലേക്ക് എഡ്ജ് ബ്രൗസറിനെയാകെ പറിച്ചുനട്ട് ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. രാഷ്ട്രീയത്തിൽ എൽഡിഎഫും യുഡിഎഫും പോലെയാണ് വെബ് ബ്രൗസറുകൾക്കിടയിൽ ക്രോമിയം ബ്രൗസറുകളും കുത്തക ബ്രൗസറുകളും. ക്രോമിയം ബ്രൗസറുകൾ ഗൂഗിളിന്റെ ക്രോമിയം എന്ന ഓപൺസോഴ്സ് പദ്ധതിയിൽ അധിഷ്ഠിതമാണ്. അതിന്റെ സോഴ്സ് കോഡ് എല്ലാവർക്കും കാണാം, പരിഷ്കരിക്കാം. 

ഇന്നു ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം ബ്രൗസറിനു പുറമേ ഒപേറ, ബ്രേവ്, വിവാൾഡി തുടങ്ങിയ മറ്റുള്ള ബ്രൗസറുകളിൽ ഏറിയപങ്കും ക്രോമിയത്തിൽ നിർമിച്ചതാണ്. മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ, അതിന്റെ തുടർച്ചയായെത്തിയ എഡ്ജ്, ആപ്പിൾ സഫാരി എന്നിങ്ങനെ വിരലിലെണ്ണാവുന്നവ മാത്രമാണ് ഓപൺസോഴ്സ് അല്ലാതെ കമ്പനികളുടെ കുത്തകയായി തുടരുന്നത്. ഇവയുടെ സോഴ്സ് കോഡ് പരസ്യമല്ല.

എഡ്ജ് ബ്രൗസർ ക്രോമിയത്തിലേക്കു മാറ്റുന്നതോടെ ബ്രൗസർ യുദ്ധത്തിലെ വലിയൊരു മുന്നണിമാറ്റമാണ് അരങ്ങേറിയിരിക്കുന്നത്. പുറമേ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെങ്കിലും എഡ്ജ് ബ്രൗസർ ഉള്ളിൽ അടിമുടി മാറി. മൈക്രോസോഫ്റ്റിന്റെ സ്വന്തം എഡ്ജ് എച്ച്ടിഎംഎൽ, ചക്ര ബ്രൗസർ എൻജിനുകളിലാണ് നിലവിലുള്ള എഡ്ജ് ബ്രൗസറിന്റെ പ്രവർത്തനം. ഇതിൽ നിന്നാണ് ഗൂഗിളിന്റെ ക്രോമിയത്തിലേക്കുള്ള ചുവടുമാറ്റം. ക്രോമിയത്തിലേക്കുള്ള മാറ്റത്തിന് ഗൂഗിൾ എൻജിനീയർമാരിൽ നിന്ന് അഭൂതപൂർവമായ പിന്തുണയും സഹായവുമാണ് ലഭിച്ചതെന്ന് മൈക്രോസോഫ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.