കാത്തിരിപ്പിന് വിട; ഐ ഫോണിന്റെ മൂന്ന് പതിപ്പുകൾ പുറത്തിറക്കി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാത്തിരിപ്പിന് വിട; ഐ ഫോണിന്റെ മൂന്ന് പതിപ്പുകൾ പുറത്തിറക്കി 

ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐ ഫോണിന്റെ മൂന്ന് പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയും ഐ ഫോണ്‍ xഉം പുറത്തിറക്കിയത്. ഇരു വശങ്ങളിലും ഗ്ലാസ് പ്രതലങ്ങളാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് ഫോണുകളുടെ സവിശേഷത. ആറ് കോറുകളുള്ള A11 ബയോണിക് ചിപ്പുകളും 64 ബിറ്റ് ഡിസൈനുമായിരിക്കും ഐഫോണ്‍ 8ലും 8 പ്ലസിലും. പുതിയ ഗോള്‍ഡന്‍ പതിപ്പ് അടക്കം മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും.


ഐ ഫോണ്‍ 8 പ്ലസില്‍ ഡ്യുവല്‍ ക്യാമറയും ഐഫോണ്‍ 8ല്‍ 12 മെഗാ പിക്സലുള്ള ഒറ്റ ക്യാമറയും ആയിരിക്കും ഉണ്ടാവുക. ഡ്യുവല്‍ ക്യാമറയില്‍ പോര്‍ട്രൈറ്റ് ലൈറ്റിങ് മോഡിന്റെ ബീറ്റാ വെര്‍ഷനും സജ്ജീകരിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. പ്രകാശം അനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഈ  സംവിധാനം  പ്രത്യേക മെനുവിലൂടെയാവും ലഭ്യമാവുക. ഗെയിമുകള്‍ക്കായി ഓഗ്മെന്റഡ് റിയാലിറ്റിയും പുതിയ മോഡലുകളിലുണ്ടാവും. ഏവരും പ്രതീക്ഷിച്ചിരുന്ന വയര്‍ലെസ് ചാര്‍ജ്ജിങ്ങ് സംവിധാനവും രണ്ട് മോഡലുകളിലുമുണ്ടാവും. 64ജി.ബി, 256 ജി.ബി സംഭരണ ശേഷികളിലാവും ഇവ പുറത്തിറങ്ങുന്നത്. ഐ ഫോണ്‍ 8ന് 45,000ഓളം രൂപയും 8 പ്ലസിന് 51,000ഓളം രൂപയുമായിരിക്കും വില.


നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള സംവിശേഷതകളാണ് ഐ ഫോണ്‍ Xല്‍ ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇതില്‍ ഹോം ബട്ടനില്ല. സ്ക്രീനിന്റെ താഴെ അറ്റത്ത് സ്വൈപ്പ് ചെയ്ത് ഹോം സ്ക്രീനിലെത്താം. 5.8 ഇഞ്ച് എഡ്ജ് ടു എഡ്ജ് സ്ക്രീനായിരിക്കും ഇതില്‍. ഫിംഗര്‍ പ്രിന്റ് സെന്‍സറിന് പകരം  നിങ്ങളുടെ മുഖം തിരിച്ചറിയാന്‍ കഴിവുള്ളതാണ് ഐ ഫോണ്‍ X. ഇരുട്ടത്ത് പോലും മുഖം തിരിച്ചറിയുന്ന ട്രൂ ഡെപ്‍ത്ത് ക്യാമറ സെന്‍സറാണ് ഇതിനായി ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഇരട്ടകളാണെങ്കില്‍ പോലും ഇ ഫോണിന് അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും നിങ്ങളുടെ അനുവാദമില്ലാതെ ഫോണ്‍ മറ്റൊരാള്‍ തുറക്കാന്‍ ഒരു മില്യനില്‍ ഒരു സാധ്യത മാത്രമേ ഉള്ളൂവെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.
12 മെഗാ പിക്സല്‍ വീതമുള്ള ക്യാമറകളാണ് ഐ ഫോണ്‍ Xന്റെ മുന്നിലും പിന്നിലും. ക്വാഡ് എല്‍.ഇ.ഡിയോട് കൂടിയ ഡ്യുവല്‍ ഫ്ലാഷ് പിന്‍ ക്യാമറകള്‍ക്ക് കരുത്തേകും. ഇപ്പോഴുള്ള ഐ ഫോണ്‍ 7നേക്കാള്‍ രണ്ട് മണിക്കൂര്‍ അധിക ബാറ്ററി ബാക്ക് അപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വയര്‍ലെസ് ചാര്‍ജ്ജിങ് സംവിധാനവുമുണ്ടാകും.


LATEST NEWS