സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തി കേരളാ പോലീസ് സ്മാര്‍ട്ടാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തി കേരളത്തിലെ പോലീസ് സേനയെ സ്മാര്‍ട്ടാക്കുകയാണ് ആഭ്യന്തര വകുപ്പ്.ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സാങ്കേതിക വൈദഗ്ധ്യമുള്ള പോലീസുകാരെ ഉള്‍പ്പെടുത്തി 'കേരളാ പോലീസ് ടെക്നിക്കല്‍ കേഡര്‍' എന്ന സ്പെഷ്യല്‍ സംഘം രൂപീകരിക്കും.
 
സൈബര്‍ ഫൊറന്‍സിക്, വിവിധ ഐ.ടി. അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, സൈബര്‍ കുറ്റാന്വേഷണം, നിയമസഹായം, പദ്ധതികളുടെ നടത്തിപ്പ്, നവമാധ്യമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലയിലാണ് സാങ്കേതിക-പ്രൊഫഷണല്‍ വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നത്. ഇതിനായി വിവിധ ബറ്റാലിയനുകളിലെ സാങ്കേതിക യോഗ്യതകളുള്ള 152 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു.
 
സാധാരണ പോലീസ് ചുമതലകള്‍ക്കപ്പുറം യോഗ്യതയ്ക്കനുസരിച്ച് സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ ചുമതലകളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള സേനാംഗങ്ങളുമായി കഴിഞ്ഞദിവസം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന പോലീസില്‍ വിവിധ ബറ്റാലിയനുകളില്‍ ഇത്തരത്തിലുള്ള 160-ഓളം സിവില്‍ പോലീസ് ഓഫീസര്‍മാരുണ്ട്. ഓരോരുത്തരുടെയും യോഗ്യതയും കഴിവും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കാന്‍ കഴിഞ്ഞാല്‍ സേനാംഗങ്ങളില്‍നിന്ന് കൂടുതല്‍ മികച്ച പ്രകടനം ലഭ്യമാകും.
 
ഇത്തരത്തില്‍ മനുഷ്യവിഭവശേഷി കൂട്ടാനാണ് ശ്രമം. ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി. ഷെഫീന്‍ അഹമ്മദിനാണ് വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിന്റെ ചുമതല.