പിസ്റ്റലിന്റെ വില 10 കോടി രൂപ;  അപൂർവ്വങ്ങളിൽ അപൂർവ്വം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിസ്റ്റലിന്റെ വില 10 കോടി രൂപ;  അപൂർവ്വങ്ങളിൽ അപൂർവ്വം

അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ഇരട്ട പിസ്റ്റലുകള്‍ക്ക് ചോദിക്കുന്ന വില കേട്ടാല്‍ ഞെട്ടും-10 കോടി രൂപ. എന്നാല്‍ ഇവയ്ക്ക് ഈ വില അധികമല്ലെന്നാണ് വിലയിരുത്തലുകള്‍. കാരണം ഇവയ്ക്കു തുല്യമായി മറ്റൊന്നും ഭൂമുഖത്തില്ല എന്നാണ് പറയുന്നത്. ഉപയോഗിച്ചിരിക്കുന്ന നിര്‍മാണ വസ്തുവാണ് ഇതിനെ അമൂല്യമാക്കുന്നത്. ഏകദേശം 45 കോടി വര്‍ഷം മുൻപുണ്ടയിരുന്ന ഉല്‍ക്കയുടെ പിണ്ഡം ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

ജൂലൈ 20ന് അമേരിക്കയിലെ ഡളസില്‍ നടക്കാനിരിക്കുന്ന ഹെറിട്ടേജ് ഓക്ഷന്‍സിലാണ് തോക്കുകള്‍ ലേലത്തിനെത്തുക. ഇവയില്‍ ഒരെണ്ണമായോ, രണ്ടും കൂടിയോ വാങ്ങാന്‍ ശ്രമിക്കാം എന്നാണ് ഫോക്‌സ് ന്യൂസ് പറയുന്നത്. ലേലത്തില്‍ പങ്കെടുക്കേണ്ടവര്‍ കെട്ടിവയ്‌ക്കേണ്ട തുക 900,000 ഡോളറാണ്. ബിസിനസ് എന്‍ഡ് കസ്റ്റംസിലെ പ്രമുഖ തോക്കുനിർമാതാവായ ലോ ബിയോണ്ടോ ആണ് ഈ മോഡല്‍ 1911-ടൈപ്പ് പിസ്റ്റലുകള്‍ (Model 1911-type pistols) നിര്‍മിച്ചത്.

 

ലോകത്തെ അറിയപ്പെടുന്നവയില്‍ വച്ച് ഏറ്റവും പഴക്കമുള്ള, മുവോനിയോനലുസ്റ്റാ (Muonionalusta) എന്നറിയപ്പെടുന്ന ഉല്‍ക്കാപിണ്ഡമാണ് ഇതിന്റെ നിര്‍മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. 4.5 ബില്ല്യന്‍ വര്‍ഷം മുൻപുണ്ടായിരുന്ന ഒരു പ്ലാനെറ്റോയിഡിന്റെ ഇരുമ്പു ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്. ഏകദേശം പത്തു ലക്ഷം വര്‍ഷം മുൻപാണ് ഇത് വടക്കന്‍ സ്‌കാന്‍ഡിനേവിയ പതിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിരവധി വലിയ കഷണങ്ങളായി ചിതറിയാണ് ഇവ ഭൂമിയെ കടന്നു പോയത്. അവയില്‍ ചിലത് ഭൂമിയിലും പതിച്ചു.

ലേലത്തിനെത്തുന്ന കൈത്തോക്കുകളുടെ നിര്‍മാണത്തിനു ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളില്‍ കൂടുതലും ഉല്‍ക്കാപിണ്ഡമാണ്. അതിനാല്‍ തന്നെ ഇവയ്ക്ക് പകരം വയ്ക്കാവുന്ന മറ്റു തോക്കുകളില്ലാ എന്നാണ് വയ്പ്പ്. കോള്‍ട്ട് 1911 പിസ്റ്റളിന്റെ (Colt 1911 Pistol) മാതൃകയിലാണ് ഇവ നിര്‍മിച്ചിരിക്കുന്നതും. ഈ ആയുധങ്ങള്‍ നിര്‍മിച്ചപ്പോള്‍ എന്തു സവിശേഷ വികാരമാണ് ഉണ്ടായതെന്ന് ലോ ബിയോണ്ടോയോട് ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് നിങ്ങള്‍ കാര്‍ബണ്‍ സ്റ്റീലും അലൂമിനവും സ്റ്റെയ്ന്‍ലെസ് സ്റ്റീലും അടങ്ങുന്ന മിശ്രിതത്തിലേക്ക് കുറച്ചു വജ്രവും കൂടെ ഇട്ടാല്‍ എങ്ങനെയിരിക്കുമോ അങ്ങനെ എന്നാണ്.

ഇരുമ്പ് ഉല്‍പാദിപ്പിക്കുന്നതിനു മുൻപുള്ള വെങ്കലയുഗം എന്നറിയപ്പെടുന്ന കാലഘട്ടത്തില്‍ ഉല്‍ക്കാപിണ്ഡത്തിന് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. അതുപയോഗിച്ച് വിലമതിപ്പുള്ള വാളുകളും കഠാരകളും നിര്‍മിച്ചിരുന്നു. ഈജിപ്ഷ്യന്‍ രാജാവ് തൂത്തൻഖാമന്റെ (Tutankhamun) ശവകുടീരത്തില്‍ നിന്നു ലഭിച്ച ഇരുമ്പിന്റെ അംശമുള്ള ഉല്‍ക്കാപിണ്ഡത്തില്‍ നിന്നു നിര്‍മിച്ച കഠാര പ്രശസ്തമാണല്ലോ. ഇറ്റലിയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള വിദഗ്ധര്‍ എക്‌സ്-റേ ഫ്‌ളൂറോസെന്‍സ് സ്‌പെക്ട്രോമെട്രി ഉപയോഗിച്ച് ഈ കഠാരയുടെ വായ്ത്തല പരിശോധിച്ചപ്പോള്‍ മനസ്സിലായത് ഇതില്‍ സംയോജിക്കപ്പെട്ട ഇരുമ്പ്, കോബോള്‍ട്ട്, നിക്കല്‍ എന്നീ ഘടകങ്ങള്‍ വടക്കന്‍ ഈജിപ്തില്‍ പതിച്ച ഉല്‍ക്കയുടെ വിശേഷലക്ഷണങ്ങളുമായി ബന്ധിപ്പിക്കാമെന്നാണ്. അന്ന് ഈജിപ്തില്‍ ഇരുമ്പ് വിരളമായിരുന്നുവെന്നും അവര്‍ കുറിക്കുന്നു.

ബ്രിട്ടിഷ് പുരാവസ്തു ഗവേഷകന്‍ ഹോവര്‍ഡ് കാര്‍ട്ടര്‍ 1925ല്‍ മൃതദേഹത്തെ പൊതിഞ്ഞ വസ്തുക്കള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയതാണിത്. ഈ പുരാതന കല്ലറ കണ്ടെത്തിയതിനു ശേഷം അതിനെക്കുറിച്ചുള്ള ജിജ്ഞാസ ആഗോളതലത്തില്‍ വര്‍ധിക്കുകയാണ് ഉണ്ടായത്. പുരാതന കാലത്തെ മനുഷ്യ ജീവിതരീതികളിലേക്ക് കൂടുതല്‍ വെളിച്ചം വീഴ്ത്താന്‍ ഇത്തരം ശേഷിപ്പികള്‍ പഠിക്കുന്നത് ഉപകരിക്കും.


LATEST NEWS