എഐ തന്ത്രത്തിലൂടെ തെളിയിച്ചത് 1100 പൊലീസ് കേസുകള്‍; സ്വീകരിക്കാം ആധുനിക സാങ്കേതിക വിദ്യയെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എഐ തന്ത്രത്തിലൂടെ തെളിയിച്ചത് 1100 പൊലീസ് കേസുകള്‍; സ്വീകരിക്കാം ആധുനിക സാങ്കേതിക വിദ്യയെ

കുറ്റാന്വേഷണം ഇന്ന് പഴയ നിലയിലല്ല. ലോകമെമ്പാടും സ്വാകാര്യ കമ്പനികള്‍ കുറ്റകൃത്യങ്ങളുടെ കുരുക്കഴിക്കാന്‍ പൊലീസിനെ സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇസ്രയേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെലിബ്രൈറ്റ് (Cellebrite) എന്ന കമ്പനി പറയുന്നത് ഐഒഎസ് 12.3ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണോ, ഐപാഡോ പോലും പൊലീസിനു വേണ്ടി അണ്‍ലോക്ക് ചെയ്തു നല്‍കാമെന്നാണ്. ഹൈ-എന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകളും അവര്‍ അണ്‍ലോക്ക് ചെയ്യുന്നു. പ്രമാദമായ കേസുകളില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ഫോണുകളില്‍ കണ്ടേക്കാമെന്നു തോന്നിയാല്‍ ലോകമെമ്പാടും നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സേവനം തേടാറുമുണ്ട്.

അതെല്ലാം അവിടെ നില്‍ക്കട്ടെ. സ്റ്റാക്യൂ (Staqu) എന്ന പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട്-അപ് കമ്പനി രാജ്യത്തെ കുറ്റാന്വേഷണത്തില്‍ പങ്കാളിയാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അവര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുമായി ചേര്‍ന്ന് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അതില്‍ നിന്ന് ലാഭമുണ്ടാക്കുകയും ചെയ്യുന്നു. നാലു വര്‍ഷം മുൻപ് തുടങ്ങിയ തന്റെ കമ്പനി ഇപ്പോള്‍ ലാഭത്തിലായതായി സ്റ്റാക്യുവിന്റെ സ്ഥാപകനായ അതുല്‍ റായ് പറഞ്ഞു. പരിമിതികളോടെ തുടങ്ങിയ കമ്പനിക്ക് ഒരു ഫണ്ടിങ് മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇനി 50 ലക്ഷം ഡോളര്‍ ഫണ്ടിങ്ങിനായി തങ്ങള്‍ ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യയിലെ കുറ്റവാളികളില്‍ 70 ശതമാനം പേരും വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെടുന്ന പ്രകൃതക്കാരാണ് എന്ന നാഷണല്‍ ക്രൈം റിപ്പോര്‍ട്ട് ബ്യൂറോയുടെ റിപ്പോര്‍ട്ട് ആണ് തനിക്ക് സ്റ്റാക്യൂ തുടങ്ങാനുള്ള ആശയം തന്നതെന്ന് റായ് പറഞ്ഞു. ഇതോടെ ഇന്ത്യയില്‍ സുരക്ഷയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ച് റായ് ഇറങ്ങുകയായിരുന്നു. രാജസ്ഥാനില്‍ നടന്ന ആല്‍വാര്‍ ആള്‍ക്കൂട്ടക്കൊലപാതകമായിരുന്നു അവര്‍ക്കു കിട്ടിയ ആദ്യ കേസ്. രാജസ്ഥാന്‍ പൊലീസ് അവരെ ഈ കേസിലേക്കു ക്ഷണിക്കുകയായിരുന്നു. ഇതിന്റെ അന്വേഷണം വേണ്ട രീതിയില്‍ പുരോഗമിച്ചതോടെ സേനയ്ക്ക് അവരുടെ സേവനത്തില്‍ മതിപ്പു തോന്നുകയും മറ്റിടങ്ങളിലെ പൊലീസിന് സ്റ്റാക്യൂവിനെ പരീക്ഷിച്ചു നോക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിച്ചാണ് കുറ്റവാളികളെ സ്റ്റാക്യൂ തിരിച്ചറിയുന്നത്. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉൾപ്പെടുത്തിയ ആപ് പൊലീസിന് ആവശ്യമുള്ള ഡേറ്റ അവരുടെ പോക്കറ്റില്‍ കരുതാന്‍ സഹായിക്കുന്നു. ഓരോ കുറ്റവാളിയേയും പിടിക്കുമ്പോള്‍ അയാളുടെ ഫോട്ടോയും വിരലടയാളവും എടുത്ത് ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ഇതുവരെ രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്താരഖണ്ഡ്, തെലങ്കാനാ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1100 കേസുകള്‍ തെളിയിക്കാനാണ് കമ്പനി സഹായിച്ചിരിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയും അവരുടെ സേവനങ്ങള്‍ വാങ്ങാറുണ്ട്. ആകാശത്തു നിന്ന് എടുക്കുന്ന ചിത്രങ്ങള്‍ വിശകലനം ചെയ്യുന്ന കാര്യത്തിലാണ് സ്റ്റാക്യൂ പട്ടാളത്തെ സഹായിച്ചത്.

സുരക്ഷാ സേവനങ്ങളെ നാലു വിഭാഗങ്ങളായി പരിഗണിച്ചാണ് റായിയുടെ കമ്പനി സേവനങ്ങള്‍ നല്‍കുന്നത്. പരോക്ഷ നിരീക്ഷണം, പ്രത്യക്ഷ നിരീക്ഷണം, പ്രത്യേക താത്പര്യമെടുത്തുള്ള നിരീക്ഷണം, പ്രവചനാത്മകമായ വിശകലനം എന്നിങ്ങനെയാണ് കമ്പനിയുടെ സേവനങ്ങള്‍ ലഭിക്കുക. ഹോംലാന്‍ഡ് സുരക്ഷയുടെ 30 ശതമാനം മാത്രമാണ് സർക്കാർ നോക്കിനടത്തുന്നത്. ബാക്കി സ്വകാര്യ മേഖലയുടെ കൈയ്യിലാണ്. പുതിയ ട്രെന്‍ഡുകളെയും തന്റെ കമ്പനിയിലേക്കു കൊണ്ടുവരാനാണ് ഇനി റായി ശ്രമിക്കുക. ശബ്ദ വിശകലനമാണ് അതിലൊന്ന്. ബാങ്കുകളുമായി ബന്ധപ്പെട്ടു വരുന്ന ഫിഷിങ് (phishing) കോളുകളും മറ്റും വിശകലനം ചെയ്ത് തട്ടിപ്പുകാരെ പിടികൂടാനായിരിക്കും ശ്രമം. ക്രിമിനല്‍ പശ്ചാത്തലം കൂടുതല്‍ വ്യക്തമായി പഠിച്ച ശേഷം ഒരു പ്രത്യേക സ്ഥലത്തെ കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു കൈമാറാനുള്ള തരത്തിലുള്ള ശേഷിയാര്‍ജ്ജിക്കാനുള്ള ശ്രമവും സ്റ്റാക്യൂ നടത്തുന്നു.