പരീക്ഷണ ശാലയിൽ കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ശാസ്ത്രം; ചരിത്രമെഴുതി അമേരിക്ക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പരീക്ഷണ ശാലയിൽ കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ശാസ്ത്രം; ചരിത്രമെഴുതി അമേരിക്ക

വിസ്കോൻസെൻ (യുഎസ്): പരീക്ഷണ ശാലയിൽ കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ശാസ്ത്രം വീണ്ടും ചരിത്രമെഴുതി. സൗരവാതങ്ങളെപ്പറ്റി പഠിക്കാനാണ് യുഎസിലെ വിസ്കോൻസെൻ– മാഡിസൻ സർവകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞർ ‘ബിഗ് റെ‍ഡ് ബോൾ’ എന്നു പേരിട്ട കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്.

സൂര്യന്റെ അന്തരീക്ഷത്തിൽ നിന്ന് ഉത്ഭവിക്കുന്ന വൈദ്യുത ചാർജുള്ള കണികകളുടെ പ്രവാഹമാണ് സൗരവാതം. സൂര്യന്റെ ആകർഷണവലയം ദുർബലമായ ഭാഗത്ത് ദ്രവ്യത്തിന്റെ നാലാമത്തെ അസ്ഥയായ പ്ലാസ്മയുടെ കുറച്ചു ഭാഗം പുറത്തേക്കു തെറിക്കുന്നതാണ് തുടക്കം. ആകർഷണ വലയം ഭേദിക്കുന്നതോടെ ഇവ സൗരവാതമായി രൂപപ്പെടുന്നു. അതിവേഗത്തിൽ സഞ്ചരിക്കുന്ന സൗരവാതങ്ങളെപ്പറ്റി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും മന്ദഗതിയിൽ സഞ്ചരിക്കുന്നവയെപ്പറ്റി പഠിക്കുന്നത് ആദ്യമാണ്. സൗരവാതങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ കാര്യമായ വ്യതിയാനങ്ങളുണ്ടാക്കുകയും കൃത്രിമ ഉപഗ്രഹങ്ങളെയും ഭൂമിയിലെ വൈദ്യുതിവിതരണത്തെയും തകരാറിലാക്കുകയും ചെയ്യാറുണ്ട്.

3 മീറ്റർ ചുറ്റളവുള്ള ഗോളത്തിന്റെ നടുക്ക് ശക്തമായ കാന്തം ഘടിപ്പിച്ച് അതിലേക്ക് ഹീലീയം പോലുള്ള വാതകങ്ങൾ നിറച്ചാണ് സംഘം സൂര്യനിലേതിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ചത്. കാന്തിക തരംഗങ്ങളെ സർപ്പിളാകൃതിയിലേക്കു മാറ്റുന്ന സൗരവാതത്തിന്റെ ആദ്യഘട്ടത്തെപ്പറ്റി സുപ്രധാന വിവരങ്ങൾ ലഭിച്ചതായി ശാസ്ത്രസംഘം അറിയിച്ചു. ഇതാദ്യമായല്ല, പരീക്ഷണശാലയിൽ സൂര്യനെ സൃഷ്ടിക്കുന്നത്. മുൻപ് ജർമനിയും ചൈനയും വ്യത്യസ്ത ആവശ്യങ്ങൾക്കു വേണ്ടി ഇതു ചെയ്തിട്ടുണ്ട്.


LATEST NEWS