വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി പരസ്യം കാണിക്കുമെന്ന് ക്രിസ് ഡാനിയല്‍സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി പരസ്യം കാണിക്കുമെന്ന് ക്രിസ് ഡാനിയല്‍സ്

വാട്സ്ആപ്പിലൂടെ ഏത് വിധേനയും വരുമാനമുണ്ടാക്കാനുള്ള ശ്രമം ഫെയ്സ്ബുക്ക് തുടങ്ങിയിട്ട്  നാളുകളേറെയായി. ഒടുവിലിതാ പരസ്യങ്ങളുടെ ശല്യമില്ലാതിരുന്ന വാട്സ്ആപ്പ് മെസഞ്ചറില്‍ അധികം വൈകാതെ പരസ്യങ്ങള്‍ എത്തുമെന്ന് സ്ഥിരീകരണം വന്നിരിക്കുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ വഴി പരസ്യങ്ങള്‍ കാണിക്കുമെന്ന് വാട്സ്ആപ്പ് മൊബൈല്‍ മെസേജിങ് സേവനത്തിന്റെ വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയല്‍സ് ബുധനാഴ്ച പറഞ്ഞു. 

സ്റ്റാറ്റസില്‍ ഞങ്ങള്‍ പരസ്യമിടാന്‍ പോവുകയാണ്. വാട്സ്ആപ്പില്‍ നിന്നുള്ള കമ്പനിയുടെ പ്രഥമ വരുമാനമാര്‍ഗം അതായിരിക്കുമെന്നും ഇതുവഴി വ്യവസായ സ്ഥാപനങ്ങള്‍ക്ക് വാട്സ്ആപ്പിലൂടെ ആളുകളിലേക്ക് എത്താന്‍ സാധിക്കുമെന്നും ഡാനിയല്‍സ് പറഞ്ഞു. എന്നാല്‍ എന്ന് നിലവില്‍ വരുമെന്നോ പരസ്യം നല്‍കുന്ന അപ്ഡേറ്റിനുള്ള ഒരുക്കങ്ങള്‍ ഏത് വരെയായെന്നോ ഡാനിയല്‍സ് വ്യക്തമാക്കിയില്ല.വാട്‌സ്ആപ്പിന് ആഗോള തലത്തില്‍ 150 കോടി ഉപയോക്താക്കളുണ്ട്. അതില്‍ 25 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ നിന്നാണ്. 

സ്റ്റാറ്റസ് ഫീച്ചര്‍ വഴി പരസ്യവിതരണം നടത്താന്‍ ഫെയ്സ്ബുക്ക് ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നു. ടെക്സ്റ്റ് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതിനാണ് വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് മാതൃകയിലാണ് ഇത് അവതരിപ്പിച്ചത്. ഒരു സ്റ്റാറ്റസ് പോസ്റ്റിന് 24 മണിക്കൂര്‍ നേരമെ ആയുസ്സൂള്ളൂ. അതിന് ശേഷം അത് അപ്രത്യക്ഷമാവും.

ഫെയ്സ്ബുക്ക് നേറ്റീവ് അഡൈ്വര്‍ട്ടൈസിങ് സംവിധാനത്തിന്റെ പിന്തുണയിലാവും വാട്സ്ആപ്പ് പരസ്യവിതരണമെന്നാണ് സൂചന. വാട്സ്ആപ്പിനെ കച്ചവടോപാധിയാക്കാനുള്ള ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ശ്രമങ്ങളെ തുടര്‍ന്നാണ് വാട്സ്ആപ്പ് സ്ഥാപകര്‍ കമ്പനിയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞത്. 

വാട്സ്ആപ്പിന്റെ എന്‍ക്രിപ്ഷന്‍ ടെക്നോളജി ഇതുവഴി ദുര്‍ബലമാവുമെന്ന വാട്സ്ആപ്പ് സ്ഥാപകരിലൊരാളായ ബ്രയാന്‍ ആക്ടന്‍ അഭിപ്രായപ്പെട്ടിരുന്നു. ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യവിതരണം തന്നെ അസന്തുഷ്ടനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.