ആഗ്രയിലേയ്ക്ക് ഒരു യാത്ര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആഗ്രയിലേയ്ക്ക് ഒരു യാത്ര

ആഗ്ര സന്ദര്‍ശിക്കുവാന്‍ കാരണങ്ങള്‍ ഒരു പാടുണ്ടെങ്കിലും അതില്‍ ഏറ്റവും വലിയ കാരണം എന്നത് താജ്മഹല്‍ തന്നെയാണ്. ലോകത്തില്‍ തന്നെ ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്ന ഒരിടമായ ഈ സ്മാരകം അനശ്വര പ്രണയത്തിന്റെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന സ്മാരകമാണ്. എന്നാല്‍ ഇത് മാത്രം തേടിയല്ല സഞ്ചാരികള്‍ ആഗ്രയിലെത്തുന്നത് എന്നതാണ് യാഥാര്‍ഥ്യം. പ്രകൃതിയൊരുക്കിയിരിക്കുന്ന അത്ഭുതങ്ങള്‍ മുതല്‍ മനുഷ്യന്‍ ചോര നീരാക്കി നിര്‍മ്മിച്ച സൗധങ്ങളും ഷോപ്പിങ്ങ് പോയിന്റുകളു വായില്‍ കപ്പലോടിപ്പിക്കുന്നയത്രയും രുചികരമായ വിഭവങ്ങളും ഒക്കെ ആഗ്രയില്‍ തേടിയെത്തുന്നവരുണ്ട്. 

താജ്മഹല്‍ കാണാതെ എന്തു യാത്ര എത്ര എഴുതിയാലും കണ്ടാലും പറഞ്ഞാലും ഒന്നും തീരാത്ത ഭംഗിയാണ് താജ്മഹലിനുള്ളത്. അതുകൊണ്ടു തന്നെ വേറെ എന്തൊക്കെ പ്ലാനുകള്‍ ഉണ്ടെങ്കിലും താജ്മഹല്‍ കണ്ടതിനു ശേഷം മാത്രം മതി അതൊക്കെ എന്നുവയ്ക്കാം. ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായതാജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ പ്രിയപത്നിയായ മുംതാസിനോടുള്ള സ്നേഹം കാണിക്കുവാനായി നിര്‍മ്മിച്ചതാണ്. മുസ്ലീം നിര്‍മ്മിതികളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന താജ്മഹല്‍ നിര്‍മ്മാണത്തിന് ഉസ്താദ് അഹമ്മദ് ലാഹൗരി എന്നു പേരായ ശില്പിയാണ് നേതൃത്വം നല്കിയത്. വര്‍ഷാവര്‍ഷം ഇവിടെ ഇരുപത് ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിച്ചേരുന്നത്. 
ആഗ്രാ ഫോര്‍ട്ട്
വാസ്തുവിദ്യയില്‍ ഇങ്ങനെയൊക്കെ അത്ഭുതങ്ങള്‍ കാണിക്കാം എന്നതിന്റെ അടയാളമാണ് ഇവിടുത്തെ ഓരോ ചെറിയ കൊത്തുപണികളും. ഇതിലൂടെ വെറുതേ നടക്കുന്നതു പോലും കാഴ്ചകളുടെ കൂമ്പാരത്തിലേക്കുള്ള ഇറക്കമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. താജ്മഹലില്‍ നിന്നും വെറും 2.5 കിലോമീറ്റര്‍ അകലെയാണ് ആഗ്രാ കോട്ട സ്ഥിതി ചെയ്യുന്നത്. 94 ഏക്കറിലധികം സ്ഥലത്തായി പരന്നു കിടക്കുന്ന ഈ കോട്ടയുടെ കാഴ്ചകള്‍ കണ്ടു തീര്‍ക്കുവാന്‍ ചെറിയ പണിയാണെങ്കിലും കണ്ടില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയായിരിക്കും. ഹിന്ദു-മുഗള്‍ വാസ്തുവിദ്യകളുടെ ചെറി സമ്മേളനവും പല നിര്‍മ്മിതികളിലും ഇവിടെ കാണാം. 


ഫത്തേപൂര്‍ സിക്രി 
ആഗ്രയിലെ മറ്റൊരു സ്ഥലമാണ് ഫത്തേപൂര്‍ സിക്രി. 1569 ല്‍ അക്ബര്‍ ചക്രവര്‍ത്തി സ്ഥാപിച്ച ഈ നഗരം നിര്‍മ്മാണത്തിലെ പ്രത്യേകതകൊണ്ട് എടുത്തു പറയേണ്ട സ്ഥാനമാണ്. ചുവന്ന മണല്‍ക്കല്ലില്‍ മൂന്നു വശവും മതിലിനുള്ളിലാക്കി നിര്‍മ്മിച്ചിരിക്കുന്ന ഫത്തേപൂര്‍ സിക്രിയുടെ ഒരു വശം തുറക്കുന്നത് മനോഹരമായ കായല്‍ കാഴ്ചകളിലേക്കാണ്. ഇതിനകത്തു കയറിയാല്‍ ഒഴിവാക്കുവാന്‍ വയ്യാത്ത കുറച്ച് കാഴ്ചകള്‍ കൂടിയുണ്ട്. ബുലന്ദ് ദല്‍വാസ, സലിം ചിഷ്ടിയുടെ കബറിടം,ജമാ മസ്ജിദ്, ബീര്‍ബലിന്റെ ഭവനം, ദിവാന്‍ ഈ ആം അങ്ങനെയങ്ങനെ കാഴ്ചകള്‍ ഒരുപാടുണ്ട് ഇതിനുള്ളില്‍. അതിനാല്‍ ആവശ്യത്തിനു സമയം കരുതിവേണം ഇവിടെ സന്ദര്‍ശിക്കുവാനെത്തുവാന്‍ .


കിനാരി ബസാറിലെ ഷോപ്പിങ്ങ് 
ആഗ്രയില്‍ ഷോപ്പിങ്ങിന് പറ്റിയ ഇടങ്ങളിലൊന്നാണ് കിനാരി ബസാര്‍.പച്ചക്കറികള്‍ മുതല്‍ വിവാഹ വസ്ത്രങ്ങള്‍ വരെ ലഭിക്കുന്ന ഒരു വലിയ മാര്‍ക്കറ്റാണിത്. എത്നിക് സാധനങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. രാവിലെ 11 മണി മുതല്‍ രാത്രി 9.00 വരെയാണ് ഇവിടെ സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.


അക്ബറിന്റെ ശവകുടീരം 
ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക് സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടമാണ് അക്ബറിന്റെ ശവകുടീരം. മുഗള്‍ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ നിര്‍മ്മിതകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. 119 ഏക്കര്‍ സ്ഥലത്തായി നിര്‍മ്മിച്ചിരിക്കുന്ന ഇത് ആഗ്രയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എത്ര സമയമെടുത്തു വേണമെങ്കിലും കാണുവാന്‍ സാധിക്കുന്ന ഇടം കൂടിയാണിത്.


LATEST NEWS