അമർനാഥ് ഗുഹാക്ഷേത്രത്തിൽ സ്വയംഭൂവായ ഹിമലിംഗം പ്രത്യക്ഷമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമർനാഥ് ഗുഹാക്ഷേത്രത്തിൽ സ്വയംഭൂവായ ഹിമലിംഗം പ്രത്യക്ഷമായി

ശ്രീനഗർ: അമർനാഥ് ഗുഹാക്ഷേത്രത്തിൽ സ്വയംഭൂവായ ഹിമലിംഗം പ്രത്യക്ഷമായി. കശ്മീരിലെ അനന്തനാഗ് ജില്ലയിലെ അമർനാഥ് എന്ന സ്ഥലത്താണ് ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ ഹിമലിംഗം രൂപപ്പെടുന്നത്. ശ്രാവണ മാസത്തിലെ പൗർണമി നാളിൽ ഹിമലിംഗം പൂർണരൂപത്തിലെത്തും. 

മുപ്പത്തിമുക്കോടി ദേവതകളുടെ ആവശ്യപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹം ചൊരിയുന്നു എന്നാണ് വിശ്വാസം.

പാർവതി ദേവിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷ്യമാവാറുണ്ട്.

സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതിനിർമിത ക്ഷേത്രമാണ് അമർനാഥിലേത്. ജൂൺ, ജൂലൈ മാസങ്ങളിൽ പൂർണരൂപത്തിൽ പ്രത്യക്ഷമാകുന്ന ഈ ഹിമലിംഗത്തിന് ആറടിയിൽ കൂടുതൽ ഉയരമുണ്ടാകും.

എല്ലാ വർഷവും രണ്ടു മാസത്തോളം യാത്രയ്ക്ക് അനുമതി നൽകുന്നുണ്ട്. അറുപതു ദിവസം നീളുന്ന കശ്‌മീരിലെ അമർനാഥ് തീർഥയാത്ര ജൂൺ 28ന് ആരംഭിക്കും.

അമർനാഥ് ഗുഹാക്ഷേത്രത്തിലെ ചെറിയ ഗുഹയിൽ നിന്നെടുക്കുന്ന വിഭൂതി ഭക്തന്മാർക്കു നൽകാനുളള അവകാശം ബത്കൂത് എന്ന ഗ്രാമത്തിലെ മുസ്‌ലിം മതസ്ഥർക്കാണ്.

ഇവർക്കു തന്നെയാണ് വഴിപാടുകളുടെ മൂന്നിലൊരു ഭാഗത്തിന്റെ അവകാശവും. അമർനാഥിലേക്കുള്ള പാത തെളിച്ച് തീർഥാടനം സുഗമമാക്കിയതിനാലാണു ബത്കൂതിലെ മുസ്‌ലിം മതവിശ്വാസികൾക്ക് ഈ അവകാശങ്ങൾ നൽകപ്പെട്ടത്.