പാപങ്ങള്‍ തീര്‍ക്കാന്‍ ഒരു മലയാറ്റൂര്‍ യാത്ര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാപങ്ങള്‍ തീര്‍ക്കാന്‍ ഒരു മലയാറ്റൂര്‍ യാത്ര

എല്ലാ മനുഷ്യരേയും ഒരുപോലെ സ്വാഗതം ചെയ്യുന്ന നാടാണ്‌ മലയാറ്റൂര്‍ . ക്രൈസ്തവ വിശ്വാസികളുടെ വലിയ നോയമ്പു കാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ വന്നു പോകുന്ന അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ തീര്‍ഥാടന കേന്ദ്രം ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ്. പൊന്നിന്‍കുരിശു മുത്തപ്പോ എന്ന് വിളിച്ച് മലമുകളിലേക്ക് കയറിപ്പോകുന്ന വിശ്വാസികളുടെ കാഴ്ചയാണ് ഈ സ്ഥലത്തിന്റെ ഊര്‍ജ്ജം. 
 

മലയാറ്റൂരിന്റെ വിശേഷങ്ങളിലേക്ക്
മലയാറ്റൂരെന്നാല്‍ മലയും ഊരും ആറും കൂടിച്ചേരുന്ന ഉടം എന്ന അര്‍ത്ഥത്തിലാണ് ഇവിടം മലയാറ്റൂരായി മാറിയത്. മലയും പെരിയാറും ഒക്കെയായി സ്ഥിതി ചെയ്യുന്ന ഇവിടം ഒരിക്കല്‍ കണ്ടാല്‍ തന്നെ മനസ്സിലാവും എങ്ങനെ ഈ പേരു ലഭിച്ചുവെന്ന്. പൊന്മല മലയാറ്റൂരായ കഥ ആദ്യ കാലങ്ങളില്‍ ജൈന ബുദ്ധ മതങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ഇടമായിരുന്നുവത്രെ ഇവിടം. ഇവരുടെ ക്ഷേത്രങ്ങളും ആരാധന സ്ഥാനങ്ങളും ഇവിടെയുണ്ടായിരുന്നു. അക്കാലങ്ങളില്‍ പൊന്മല എന്ന പേരിലായിരുന്നു മലയാറ്റൂര്‍ അറിയപ്പെട്ടിരുന്നത്. പൊന്നെയിര്‍ നാഥന്‍ എന്നായിരുന്നു ഇവിടെ ആരാധിച്ചിരുന്ന ദേവനെ വിളിച്ചിരുന്നത്. അങ്ങനെ പൊന്‍മല എന്ന പേരു വന്നു എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ക്രിസ്തുമതത്തിന്റെ സ്വാധീനം ഇവിടെ ശക്തമായപ്പോഴാണ് കുരിശുമുടി എന്ന് ഇവിടം അറിയപ്പെടാന്‍ തുടങ്ങിയത്.

 

എവിടെയാണിത്?
എറണാകുളം ജില്ലയില്‍ കൊച്ചിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് മലയാറ്റൂര്‍ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴയില്‍ നിന്നും കാലടി വഴി പാലം കടന്ന് പോയാലാണ് മലയാറ്റൂര്‍ അടിവാരത്തില്‍ എത്തുക ഇവിടെ വരെയാണ് വാഹനങ്ങള്‍ക്ക് പ്രവേശനം ഉള്ളത്. ഇവിടെ നിന്നും കാല്‍നടയായി വേണം കുരിശടിയിലേയ്ക്ക് പോകുവാന്‍ ‍.
വലിയ നോയമ്പ് കാലത്താണ് ഇവിടെ കൂടുതലും വിശ്വാസികളെത്തുന്നത്. ക്രൈസ്തവ വിശ്വാസമനുസരിച്ച് ഗാഗുല്‍ത്തായിലേക്ക് കുരിശും ചുമന്നു നടന്ന യേശുവിനെ സ്മരിച്ചാണ് വിശ്വാസികള്‍ വലിയ നോയമ്പു കാലത്തും പ്രത്യേകിച്ച് ദു:ഖവെള്ളിയാഴ്ചയും മലയാറ്റൂരില്‍ എത്തുന്നത്. തടിയില്‍ നിര്‍മ്മിച്ച കുരുശുമായി പാപങ്ങള്‍ക്ക് പരിഹാരം അനുഷ്ഠിക്കുവാന്‍ വലിയ നോയമ്പു കാലത്ത് ഇവിടെ ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്താറുണ്ട്. പൊന്നിന്‍കുരിശു മുത്തപ്പോ പൊന്‍മല കയറ്റം എന്ന് പാടിയാണ് ഇവര്‍ കുരിശുമുടിയിലേക്ക് കയറുന്നത്.

പൊന്നിന്‍ കുരിശ് മലയാറ്റൂര്‍ മലയുടെ മുകളില്‍ പൊന്നു കൊണ്ട് നിര്‍മ്മിച്ച ഒരു കുരിശ് ഉണ്ട് എന്നാണ് വിശ്വാസം. മലയുടെ മുകളില്‍ പാറക്കല്ലില്‍ തോമാശ്ലാഹാ ഒരു കുരിശിന്റെ രൂപം കൗകൊണ്ട് വരച്ചുവത്രെ. അവിടെ പിന്നീട് ഒരു പൊന്‍കുരിശ് പ്രത്യക്ഷപ്പെട്ടു എന്നാണ് കഥ. മലമുകളിലെ കുരിശിന്റെ അടിയില്‍ ഒരു പൊന്‍കുരിശ് ഇപ്പോഴും മറഞ്ഞിരിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. കൂടാതെ ഇവിടെ അടുത്ത് ഒരു അത്ഭുത നീരുറവയും കാണുവാന്‍ സാധിക്കും. തോമാശ്ലാഹാ പാറപ്പുറത്ത് വടി കൊണ്ട് അടിച്ചപ്പോള്‍ രൂപം കൊണ്ടതാണ് ഈ നീരുറവയെന്നാണ് വിശ്വാസം. വിശുദ്ധ ജലമായാണ് ഇതിനെ വിശ്വാസികള്‍ കണക്കാക്കുന്നത്. മലമുകളില്‍ പാറയില്‍ മുട്ടുകുത്തി തോമാശ്ലാഹ ആറു രാത്രിയും ആറു പകലും ഇടതടവില്ലാതെ പ്രാര്‍ഥിച്ചുവത്രെ. ശേഷം പാറയില്‍ കുരിശടയാളം വരച്ച് പ്രാര്‍ഥിച്ചപ്പോള്‍ അവിടെ മാതാവും ഉണ്ണിയേശുവും പ്രത്യക്ഷപ്പെട്ടു എന്നാണ് ഇവിടുത്തെ മറ്റൊരു വിശ്വാസം.


LATEST NEWS