ദിയു - സൂര്യനും കടലും പ്രണയിക്കുന്നത് കാണാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദിയു - സൂര്യനും കടലും പ്രണയിക്കുന്നത് കാണാം

നീണ്ടുകിടക്കുന്ന പഞ്ചാരമണല്‍ തീരം, കിന്നാരം പറയുന്ന അറബിക്കടല്‍, കടല്‍ക്കാറ്റിന് മറുപടിയെന്നവണ്ണം ഇളകിയാടുന്ന പനയോലകള്‍. ഗുജറാത്തില്‍ സൗരാഷ്ട്ര ജില്ലയുടെ (കത്തിയവാഡ്) തെക്കേ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന ഉപദ്വീപായ ദിയുവിനെ സഞ്ചാരികളുടെ സ്വപ്ന ഭൂമിയാക്കുന്ന കാഴ്ചകളുടെ നിര നീളുകയാണ്. പുരാതന കാലത്തോളം നീളുന്നതാണ് ദിയുവിന്‍െറ ചരിത്രം. നിരവധി രാജാക്കന്‍മാരുടെയും രാജവംശങ്ങളുടെയും ഭരണം കണ്ട ഈ ചെറുദ്വീപ് ഏറ്റവുമൊടുവില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴിലായിരുന്നു. 1961ല്‍ മോചിക്കപ്പെട്ട ദിയു ഗോവക്കൊപ്പം കേന്ദ്ര ഭരണപ്രദേശമായി. 1987ല്‍ ഗോവ സംസ്ഥാനമാക്കപ്പെട്ടതോടെ ദാമനും ദിയുവും മാത്രമായി കേന്ദ്ര ഭരണ പ്രദേശം.

കടലും മണലും സൂര്യനും ഇഴചേരുന്ന മനോഹരമായ പശ്ചാത്തലം ദിയുവിനെ രാജ്യത്തെ പ്രമുഖ കടലോര ഉല്ലാസ കേന്ദ്രമാക്കുന്നു. തിരക്കില്‍ നിന്നെല്ലാം ഓടിയകന്ന് പ്രകൃതിയുടെ ശാന്തതയില്‍ സര്‍വം മറന്നിരിക്കാന്‍ കൊതിക്കുന്നവര്‍ക്കായി നിലവാരമുള്ള കടല്‍ത്തീരങ്ങളാണ് ഈ കൊച്ചുനാട് കാത്തുസൂക്ഷിക്കുന്നത്. ദിയുവില്‍ നിന്ന് 20 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ എത്തുന്ന നഗോവ ബീച്ചാണ് പ്രധാന ആകര്‍ഷണം. കുതിരലാടത്തിന്‍െറ ആകൃതിയില്‍ അര്‍ധവൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ ബീച്ചില്‍ ധൈര്യമുള്ളവര്‍ക്ക് വേണമെങ്കില്‍ കുളിക്കാനിറങ്ങാം. അല്‍പ്പം കൂടി ധൈര്യമുള്ളവരാണെങ്കില്‍ സെയ്ലിംഗ്, ബോട്ടിംഗ്, വാട്ടര്‍ സ്കീയിംഗ് തുടങ്ങിയ ജല കേളികള്‍ക്കും ഇവിടെ സൗകര്യമുണ്ട്.

ദിയുവിലെ തന്നെ ഏറ്റവും വലതും ശാന്തമനോഹരവുമായ ബീച്ചുകളില്‍ ഒന്നാണ് ഗോഗ്ല. കടലില്‍ കുളിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പുറമെ പാരാസെയ്ലിംഗ്, സര്‍ഫിംഗ് തുടങ്ങി വാട്ടര്‍സ്പോര്‍ട്സ് പ്രേമികള്‍ ഇവിടെ ധാരാളമായി എത്താറുണ്ട്.  ദിയു നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ജല്ലന്ദര്‍ ബീച്ചും മനോഹാരിത കൊണ്ട് മിഴിവുറ്റ കടല്‍തീരങ്ങളില്‍ ഒന്നാണ്. ഒരു രാക്ഷസന്‍റെ പേരില്‍ നിന്നാണ് ജല്ലന്ദര്‍ എന്ന പേര് ഉണ്ടായത്. ഈ രാക്ഷസന്‍െറ ഓര്‍മക്കായുള്ള ക്ഷേത്രം തീരത്തിന് സമീപത്തെ കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

ക്ഷേത്രങ്ങളുടെയും ക്രൈസ്തവ ദേവാലയങ്ങളുടെയും നാടു കൂടിയാണ് ദിയു. ഗംഗേശ്വര്‍ ക്ഷേത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദൂമില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവനാണ് ആരാധനാ മൂര്‍ത്തി. ദിയുവിലെ പഴക്കമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നാണ് സെന്‍റ്.പോള്‍സ് ദേവാലയവും സെന്‍റ്.ഫ്രാന്‍സിസ് ഓഫ് അസീസി ദേവാലയവും. പോര്‍ട്ടുഗീസുകാര്‍ 1598ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന സെന്‍റ്.തോമസ് ദേവാലയമാണ് മറ്റൊരു ആകര്‍ഷണം. കടല്‍വസ്തുക്കളുടെ കമനീയ ശേഖരമൊരുക്കുന്ന മ്യൂസിയമാണ് മറ്റൊരു കാഴ്ച. ദിയു , പാനികൊത്ത കോട്ടകളും ഇവിടത്തെ പ്രൗഡ കാഴ്ചകളാണ്.