പാണിയേലി പോരില്‍ മരണം മണക്കുന്നുവോ???

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാണിയേലി പോരില്‍ മരണം മണക്കുന്നുവോ???

റണാകുളം ജില്ലയിലെ പെരുമ്പാവൂരിന് അടുത്തുളള വിനോദ സഞ്ചാര കേന്ദ്രമായ പാണിയേലി പോര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

പാറക്കെട്ടുകളും പ്രവചനാതീതമായ ചുഴികളും പാണിയേലി പോരിനെ വീണ്ടും ഭീതിയുടെ മുഖം മൂടി അണിയിക്കുകയാണ്. ഇതുവരെ 94 പേരുടെ ജീവനാണ് പോരില്‍ പൊലിഞ്ഞത്. അപകടം ചുഴിയുടെ വേഷത്തില്‍ പതുങ്ങിയിരിക്കുന്നുണ്ടെന്ന സമീപവാസികളുടെ മുന്നറിയിപ്പ് അവഗണിച്ച് പോര് എടുത്ത ജീവനുകള്‍ മേല്‍പറഞ്ഞ തൊണ്ണൂറ്റിനാലില്‍ പകുതിയോളം വരും.

പാണിയേലി പോരില്‍ സന്ദര്‍ശകര്‍ വിലക്കിയിട്ടും അവരറിയാതെ പുഴയിലിറങ്ങിയതാണ് ശനിയാഴ്ചത്തെ ദുരന്തത്തിന് കാരണമായത്. വിനോദ യാത്രയ്ക്ക് എത്തിയ മൂന്ന് വിദ്യാര്‍ത്ഥികളും അവരെ രക്ഷിക്കാന്‍ ശ്രമിച്ച സ്വകാര്യ റിസോര്‍ട്ടുടമയായ ബെന്നിയും മുങ്ങി മരിച്ച വാര്‍ത്ത പാണിയേലി പോരിലെ സമീപവാസികളെ സങ്കട കയത്തില്‍ ആഴ്ത്തിയിരിക്കുന്നു.

പാണിയേലി പോരില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് 2005 ല്‍  വനം വകുപ്പും ജനങ്ങളും ചേര്‍ന്ന് സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പു നല്‍കാന്‍ പ്രത്യേക സമിതി ഉണ്ടാക്കിയിരുന്നു.

അതിന് ശേഷം അപകടങ്ങള്‍ ഒഴിഞ്ഞു വരുകയായിരുന്നു. പക്ഷേ വീണ്ടും നാല് ജീവനുകള്‍ എടുത്തതോടെ പാണിയേലി പോരെന്ന മിടുക്കി കുട്ടി സഞ്ചാരികള്‍ക്ക് പേടി സ്വപ്‌നമായി മാറിയ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ശനിയാഴ്ചത്തെ ദുരന്തത്തിന് ശേഷം പാണിയേലി പോരിലേക്കുളള വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 

ഒരടി മാത്രം വെളളമുളള പ്രദേശത്തുകൂടി നടക്കുന്നയാള്‍ അടുത്ത കാലടി വെയ്ക്കുന്നത് 40 അടി താഴ്ചയുളള ഗര്‍ത്തത്തില്‍ ആകാം. പാറക്കെട്ടുകളിലെ കുഴികളും ആഴമറിയാന്‍ കഴിയാത്ത അത്രയും താഴ്ചയുളള ചില സ്ഥലങ്ങളെയും കുറിച്ച്  അറിയാതെ പോരിലേക്ക് ഇറങ്ങുന്നവരെ വെട്ടിലാക്കും.അതുകൊണ്ട് തന്നെയാണ് പോരിലേക്ക് ഇറങ്ങുന്നത് വിലക്കിയിരിക്കുന്നതും. 

പ്രകൃതി ഭംഗി ആവോളം വാരി വിതറിയ പാണിയേലി പോര് വിനോദ സഞ്ചാരികളെ മയക്കിയെടുക്കുന്ന പറുദീസയാണ്. മനുഷ്യവാസം അധികമില്ലാത്ത കാട്ടില്‍ നിന്നും ഒഴുകി വരുന്ന പെരിയാര്‍ നദിയിലെ വെളളം പാറക്കൂട്ടങ്ങളില്‍ തട്ടി പോരടിച്ചു ശബ്ദമുണ്ടാക്കി അവളെ കാണാന്‍ വരുന്നവരെ മാടി വിളിക്കും.

കാട്ടിലെ വഴികളിലൂടെ നടന്ന് പെരിയാര്‍ നദിയെയും കണ്ട് ആ വെളളത്തില്‍ മുങ്ങി കളിച്ചുല്ലസിക്കാന്‍ പോകുന്നവര്‍ വനം വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പോരിന് മുന്നില്‍ ആവേശത്തിമിര്‍പ്പില്‍ കണ്ടില്ലെന്ന് നടിച്ചാല്‍ അവള്‍ കൊണ്ടുപോകുന്നത് ആഴങ്ങളുടെ ചുഴികളിലേക്കായിരിക്കും.

പാണിയേലി പോര് ഭയപ്പെടുത്തുന്ന സഞ്ചാര കേന്ദ്രമായി പലരുടെയും മനസ്സില്‍ എഴുതപ്പെട്ടു തുടങ്ങി പക്ഷേ ഇവളോട് അധിക നേരം പിണങ്ങിയിരിക്കാന്‍ ആര്‍ക്കും കഴിയില്ല. അധികം വൈകാതെ തന്നെ വിനോദ സഞ്ചാരികളുടെ സുരക്ഷ ശക്തമാക്കി പാണിയേലി പോരിനെ വീണ്ടും മിടുക്കിയാക്കുന്ന കാഴ്ചക്കായി നമുക്ക് ഒരുമിച്ച്  കാത്തിരിക്കാം.
 


Loading...