വേനൽ കാലത്തും മഞ്ഞു മൂടി കിടക്കുന്ന ഒരു അത്ഭുത പ്രദേശം ‘മണാലി’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേനൽ കാലത്തും മഞ്ഞു മൂടി കിടക്കുന്ന ഒരു അത്ഭുത പ്രദേശം ‘മണാലി’

ഹിമാലയന്‍ മലനിരകളുടെ താഴ്‌വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സഞ്ചാരികളെ മടക്കയാത്രക്ക് പ്രേരിപ്പിക്കാത്ത മണാലി.മഞ്ഞില്‍ ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗഭൂമി
സമുദ്ര നിരപ്പിൽ നിന്ന് 13,050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെ വേനൽ കാലത്തും മഞ്ഞു മൂടി കിടക്കുന്ന ഒരു അത്ഭുത പ്രദേശമാണ്. ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം കുളു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ പട്ടണം പുരാതനകാലത്ത് ലഡാക്കിലേക്കുള്ള കച്ചവട സഞ്ചാരത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മണാലിയും സമീപ പ്രദേശങ്ങളും ഇന്ത്യയുടെ സംസ്കാരത്തിനും പൈതൃകത്തിനും ഒരു പാടു സംഭാവനകൾ നൽകുന്നു. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും (പൈന്‍ മരം) പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്.മണാലിക്കടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷനായ ചണ്ഡീഗഡില്‍ നിന്ന് റോഡ് മാര്‍ഗം മണാലിയിലെത്താന്‍ 308 കിലോമീറ്റര്‍ സഞ്ചരിക്കണം. ഛണ്ഡീഗഡില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമെല്ലാം ഹിമാചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്‍ ബസുകളും പ്രൈവറ്റ് ബസുകളുംടാക്‌സികളും മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്.
മണാലിയിലെത്തി ബൈക്ക് റൈഡ് നടത്താന്‍ ആഗ്രഹിക്കുന്നവരും നിരാശപ്പെടേണ്ട. അവര്‍ക്കായി വാടകക്ക് ബുള്ളറ്റുകളും മറ്റും റെഡിയാണ്. നാട്ടില്‍ നിന്ന് തന്നെ അല്‍പ്പം സാഹസികമായി സ്വന്തം ബൈക്കിലും കാറിലുമെല്ലാം പുറപ്പെടുന്നവരും ഉണ്ട്. തണുപ്പില്‍ നിന്ന് രക്ഷ നേടാനുള്ള ജാക്കറ്റുകളും അവിടെയെത്തിയാല്‍ റൈഡ് നടത്താനുള്ള ബൈക്കുകളുമെല്ലാം വാടകക്ക് ലഭ്യമാണ്. എല്ലാ സൗകര്യവും സേവനങ്ങളുമായി നാട്ടുകാരും സര്‍ക്കാരുമുണ്ട്.വിമാന മാര്‍ഗം ഡല്‍ഹിയിലെത്തി മണാലിയിലേക്ക് പോകുന്നവര്‍ക്കും എല്ലാം സഹായവുമായി ടൂര്‍ ഓപ്പറേറ്റര്‍മാരും വോള്‍വോ ബസുകളും റെഡിയാണ്. ഡല്‍ഹിയില്‍ നിന്ന് 570 കിലോമീറ്റര്‍ സഞ്ചരിക്കണം മണാലിയിലെത്താന്‍.

മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുതല്‍ രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും. സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്. 

ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും മെയ്മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാം. പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം. മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.

യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാല്‍ സോളാങ് താഴ്വരയില്‍ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താങ് പാസ്. മണാലിയില്‍ നിന്ന് ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്.
മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം. ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലം.
മണാലിയില്‍ തന്നെയുള്ള വന്‍ വിഹാര്‍ എന്ന വന്‍ വനത്തില്‍ പോയി ശീതളക്കാറ്റുമേറ്റ് പൈന്‍ മരങ്ങളോടും അരുവികളോടും തങ്ങളുടെ സങ്കടങ്ങളും സന്തോഷവുമെല്ലാം പങ്കുവെക്കാം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണക്കനുസരിച്ച് 23 കോടിയോളം രൂപയുടെ പൈന്‍ മരങ്ങളാണ് ഏക്കറുകണക്കിന് വിസ്തൃതിയുള്ള വനത്തില്‍ ഉള്ളത്. ഓരോ മരത്തിനും നമ്പര്‍ നല്‍കിയിരിക്കുന്നതും കാണാം. പ്രമുഖ ഹണിമൂണ്‍ കേന്ദ്രം കൂടിയാണ് പ്രകൃതി മനോഹരമായ മണാലി.