മുതുമലയുടെ വിശേഷങ്ങളും കാഴ്ചകളും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുതുമലയുടെ വിശേഷങ്ങളും കാഴ്ചകളും

കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന നീലഗിരി മലനിരകളിലാണ് മുതുമല സ്ഥിതി ചെയ്യുന്നത്. എങ്കിലും മുതുമല വന്യജീവി സങ്കേതം തമിഴ്‌നാടിന്റെ ഭാഗമാണ്.സ്വാതന്ത്ര്യത്തിന് മുന്‍പെ 1940 ലാണ് വന്യജീവി സങ്കേതം ഇവിടെ സ്ഥാപിച്ചത്. വ്യത്യസ്തങ്ങളായ ഒട്ടേറെ സസ്യവര്‍ഗ്ഗങ്ങളുടെയും ജന്തുജീവജാലങ്ങളുടെയും അപൂര്‍വ്വ സംഗമ സ്ഥാനമാണിവിടം.

യാത്രികരുടെ സൗകര്യാര്‍ത്ഥം വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തന്നെ കാനന സവാരികള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കടുവകള്‍ തിങ്ങി പാര്‍ക്കുന്ന കടുവ സങ്കേതവും ഇവിടെ യാത്രികര്‍ക്ക് സന്ദര്‍ശിക്കാം. ഏതാണ്ട് 700 ലധികം ആനകള്‍ സ്വര്യ വിഹാരം നടത്തുന്ന ഇടമാണിതെന്നത് ആരിലും കൗതുകമുളവാക്കുന്ന ഒരു വസ്തുതയായിരിക്കും. ഇവ കൂടാതെ വംശനാശ ഭീക്ഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഒട്ടേറെ ജീവികളുടെയും സസ്യങ്ങളുടെയും സംരക്ഷിത കേന്ദ്രം കൂടിയാണ് മുതുമല. 

ബാംബുസ,ഡെണ്‍ഡ്രോകലാമസ് സ്ട്രിക്റ്റസ് എന്നിങ്ങനെ രണ്ടു വ്യത്യസ്തയിനം മുളകള്‍ ഇവിടെയായി കാണാന്‍ സാധിക്കും. ആന,മലമ്പോത്ത് തുടങ്ങിയവയ്ക്ക് ഇവ പ്രധാന ആഹാരമായി വര്‍ത്തിക്കുന്നു. പൈകാര തടാകം, കല്ലാട്ടി വെള്ളച്ചാട്ടം, തെപ്പക്കാട് ആന സങ്കേതം,മോയര്‍ നദി എന്നിവ മുതുമലയാത്രയില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളാണ്. യാത്രയില്‍ ഉടനീളം വന്യജീവികളെ കാണാന്‍ സാധിക്കും. 
 

വളരെ പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. അതിനാല്‍ വര്‍ഷത്തില്‍ ഏതുസമയത്തും ഇവിടെ സന്ദര്‍ശിക്കാം.

എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും റോഡു മാര്‍ഗം വളരെ എളുപ്പം ഇവിടെ എത്താന്‍ സാധിക്കുകയും ചെയ്യും. മൈസൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം. 

 


LATEST NEWS