നീലക്കുറി‍ഞ്ഞി പൂക്കാലത്തിന് ഇനി ഒരുവർഷം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീലക്കുറി‍ഞ്ഞി പൂക്കാലത്തിന് ഇനി ഒരുവർഷം

മൂന്നാർ: നീലക്കുറി‍ഞ്ഞി പൂക്കാലത്തിന് ഒരുവർഷം മാത്രം ശേഷിക്കെ തിരക്ക് നേരിടാൻ വനം വന്യജീവി വകുപ്പ് ഒരുക്കങ്ങൾക്കു തുടക്കമിട്ടു. നീലക്കുറിഞ്ഞി വിസ്മയം കാണാൻ മൂന്നാറിലേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജനലക്ഷങ്ങൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഇന്നലെ ആലോചനായോഗം നടന്നത്.

2006ൽ ആയിരുന്നു ഇതിനു മുൻപ് അവസാനമായി നീലക്കുറിഞ്ഞി പൂവിട്ടത്. 2018 ഓഗസ്റ്റോടെയാണ് അടുത്ത പൂക്കാലത്തിനു തുടക്കമാവുന്നത്. നീലക്കുറിഞ്ഞികളെ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാൻ കഴിയുന്നത് രാജമലയിലാണ്. അതുകൊണ്ടുതന്നെ രാജമലയിലേക്കാവും സഞ്ചാരികളുടെ ഒഴുക്ക്.

2006ൽ മൂന്നുമാസ കാലയളവിൽ അഞ്ചുലക്ഷം പേർ മൂന്നാറിലെത്തിയതായാണ് കണക്ക്. ഇത്രയുംപേരെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ മൂന്നാർ പട്ടണത്തിന് ഇല്ലെന്നതിനാൽ അന്ന് സഞ്ചാരികൾ അനുഭവിച്ച ദുരിതം കുറച്ചൊന്നുമായിരുന്നില്ല. അതിൽനിന്ന് പാഠം ഉൾക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് അന്ന് ജനപ്രതിനിധികളും ത്രിതല ഭരണകൂടങ്ങളും പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും അന്നത്തേതിൽനിന്ന് ഒട്ടും വ്യത്യസ്ഥമല്ല ഇന്നും സ്ഥിതി.

വാഹന പാർക്കിംഗാണ് ഏറ്റവും വലിയ പ്രശ്നം. കഴിഞ്ഞ 12 വർഷത്തിനിടെ വാഹന പാർക്കിംഗിന് പുതുതായി ഒരിടവും കണ്ടെത്തിയിട്ടില്ല. രാജമലയുടെ പ്രവേശന കവാടമായ അഞ്ചാംമൈലിൽ അന്ന് അനുഭവപ്പെട്ട വാഹനക്കുരുക്ക് ഇത്തവണയും ആവർത്തിക്കാനാണിട. നാട്ടുകാരും സഞ്ചാരികളും തമ്മിലുള്ള സംഘർഷത്തിനും ഇത് കാരണമാവും. കുറിഞ്ഞിക്കാലത്തെ തിരക്ക് നേരിടാൻ താൽക്കാലികമായെങ്കിലും വാഹന പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തേണ്ടതുണ്ട്.രാജമലയിൽ ഇപ്പോൾ 2250 പേർക്കാണ് ദിവസേന പ്രവേശനമുള്ളത്. കുറിഞ്ഞിപ്പൂക്കാലം കാണാൻ പ്രതിദിനം കുറ‍ഞ്ഞത് 10000 പേരെങ്കിലും എത്തും.

വാഹനസൗകര്യങ്ങളും മറ്റും വർധിപ്പിച്ച് ആ സമയമെങ്കിലും കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ സംവിധാനം ഒരുക്കിയില്ലെങ്കിൽ വരുന്ന സഞ്ചാരികളിൽ നല്ല പങ്കിനും രാജമല അപ്രാപ്യമാവും. കുറിഞ്ഞിക്കാലത്ത് മൂന്നാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജനലക്ഷങ്ങൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ 2006ൽ ഉണ്ടായിരുന്ന സൗകര്യങ്ങൾപോലും ഇന്നില്ല.

പെരിയവാര കവലയിലും ടൗണിലെ ടാക്സി സ്റ്റാൻഡിനു സമീപവും ഉണ്ടായിരുന്ന ശുചിമുറികൾ പുനർ നിർമിക്കാൻ എന്നപേരിൽ പൊളിച്ചുനീക്കി. ഒരു വർഷത്തിനുള്ളിൽ ഇവ പുനർനിർമിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. പ്രാദേശിക ഭരണകൂടങ്ങൾ ഇനിയെങ്കിലും കണ്ണ് തുറന്നില്ലെങ്കിൽ വ്യാഴവട്ടത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്ന പ്രകൃതിയുടെ ഈ അദ്ഭുതം കാണാനെത്തുന്നവർ ദുരിതക്കയത്തിലാവും.


LATEST NEWS