കാടിന്റെ വന്യഭംഗിയൊരുക്കി പറമ്പിക്കുളം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാടിന്റെ വന്യഭംഗിയൊരുക്കി പറമ്പിക്കുളം

 ഏഷ്യൻ തേക്കുകളിൽ പ്രധാനി കന്നിമാര തേക്കും ഡാമുകളും വന്യജീവികളും ഒരുക്കുന്ന കാടിന്റെ വശ്യതയാണ് മറ്റു കടുവാ സങ്കേതങ്ങളിൽ നിന്നും പറമ്പിക്കുളത്തെ വേറിട്ടുനിർത്തുന്നത്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണെങ്കിലും പറമ്പിക്കുളത്തെത്താൻ സഞ്ചാരികൾ തമിഴ്നാട്ടിലെ സേത്തുമട വഴി ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ്‌‌‌‌‌ എന്ന പുൽമേടു കടക്കണം. പറമ്പിക്കുളത്ത് ആദിവാസികളുമായി ബന്ധപ്പെട്ടുള്ള 40 കിലോമീറ്റർ ദൂരമാണ് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്.
തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതം മുതൽ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാൻ, കേഴമാൻ, കാട്ടുപോത്ത് (ഇന്ത്യൻ ഗോർ), ആന തുടങ്ങിയവയുണ്ടാവും.  ‌ബ്രിട്ടിഷ് ഭരണ കാലത്ത് മരം കടത്തുന്നതിനും യാത്രയ്ക്കുമായി ഉപയോഗിച്ചിരുന്ന ട്രാംവേയും അവയുടെ ശേഷിപ്പുകളും ചിത്രങ്ങളുമെല്ലാം ആസ്വാദനത്തിനൊപ്പം അറിവും നൽകും.


വന്യമൃഗങ്ങളെ വളരെ അടുത്തു നിന്നു കാണാനുളള സൗകര്യവും പറമ്പിക്കുളത്തുണ്ട്. സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനത്തിൽ കയറ്റി സഫാരിയുണ്ട്. കുടുംബവുമായി എത്തുന്നവർക്ക് താമസ സൗകര്യമുൾപ്പെടെയുള്ള പ്രത്യേക പാക്കേജുകളും വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിന് ആനപ്പാടിയിൽ ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. വിവരങ്ങൾ നൽകാൻ പരിശീലനം ലഭിച്ച കാടർ, മലയർ, മലമലശർ, മുതുവാന്മാർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ഗൈഡുമാരുണ്ട്. മദ്യവും പ്ലാസ്റ്റിക്കും പൂർണമായി നിരേ‍‍ാധിച്ചിരിക്കുന്നു.
പാലക്കാട്ടുനിന്നു പുതുനഗരം–മീനാക്ഷിപുരം വഴി അമ്പ്രാംപാളയം സുങ്കത്തെത്തി സേത്തുമടയിലേക്കു പേ‍ാകണം. സേത്തുമട തമിഴ്നാട് ചെക് പോസ്റ്റ് കടന്ന് ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ല‌ിപ്പ് വഴി പറമ്പിക്കുളത്ത് എത്താം. തൃശൂർ ഭാഗത്തു നിന്നു വരുന്നവർക്കു വടക്കഞ്ചേരി–നെന്മാറ–കൊല്ലങ്കോട്–ഗോവിന്ദാപുരം വഴി സുങ്കത്തെത്തി സേത്തുമടയിലേക്കു പോകാം.  പാലക്കാട്ടുനിന്നു 91 കിലോമീറ്ററാണ് ദൂരം. രണ്ടര മണിക്കൂർ യാത്ര.


LATEST NEWS