ദാമന്‍ - ഓര്‍മ്മകളിലേക്ക് ഒരു ഉല്ലാസ യാത്ര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദാമന്‍ - ഓര്‍മ്മകളിലേക്ക് ഒരു ഉല്ലാസ യാത്ര

ഗോവക്കും ദാദ്രാ ആന്‍റ് നാഗര്‍ ഹവേലിക്കുമൊപ്പം 450 വര്‍ഷത്തോളം പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴിലായിരുന്നു ദാമന്‍.  1961 ഡിസംബര്‍ 19നാണ് ദാമനും പോര്‍ച്ചുഗീസ് ഭരണത്തിന് കീഴിലായിരുന്ന മറ്റ് തീര പ്രദേശങ്ങളും ഇന്ത്യന്‍ യൂനിയനോട് ചേര്‍ത്തത്. എന്നിരുന്നാലും 1974 വരെ നാടുകള്‍ കൂട്ടിച്ചേര്‍ത്ത നടപടി പോര്‍ട്ടുഗീസുകാര്‍ അംഗീകരിച്ചിരുന്നില്ല. ഗോവയും ദാമന്‍ ആന്‍റ് ദിയു മേഖലകളും 1987 വരെ ഒരൊറ്റ കേന്ദ്ര ഭരണ പ്രദേശമായിരുന്നു. ഇപ്പോഴും കേന്ദ്രഭരണ പ്രദേശമായി തുടരുന്ന ദാമനും ദിയുവും തമ്മില്‍  10 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ദാമന്‍െറ ഏറ്റവും വലിയ ആകര്‍ഷണം ശാന്തവും മനോഹരവുമായ 12.5 കിലോമീറ്റര്‍ നീളം വരുന്ന കടല്‍തീരമാണ്. അറബിക്കടലിന്‍െറ മടിത്തട്ടില്‍ മനസും ശരീരവും ഇറക്കിവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ളൊരു ചോയിസ് ആണ് ദാമന്‍. മോട്ടി ദാമന്‍, നാനി ദാമന്‍ എന്നിങ്ങളെ നഗരത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ദാമന്‍ഗംഗാ നദിയാണ് നഗരത്തിന്‍െറ മധ്യഭാഗത്തിലൂടെ ഒഴുകുന്നത്. പ്രകൃതിഭംഗി തുളുമ്പുന്ന ബീച്ചുകളാണ് ഈ ചെറുനഗരത്തിന് സഞ്ചാരികള്‍ക്കായി നല്‍കാനുള്ളത്. കാറ്റാടി മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ജാംപോര്‍ ബീച്ച് നഗരതിരക്കില്‍ നിന്ന് മനസും ശരീരവും കുളിര്‍പ്പിക്കാന്‍ വരുന്നവര്‍ക്ക് പ്രിയ കേന്ദ്രമായിരിക്കും.

നാനി ദാമനില്‍ നിന്ന് മൂന്ന് മൈല്‍ അകലെയുള്ള ദേവ്ക ബീച്ച് നീന്തല്‍ കടലില്‍ നീന്താന്‍ കൊതിക്കുന്നവര്‍ക്ക് നല്ല സ്ഥലമാണ്. ഇവിടെ തിരമാലകള്‍ക്ക് ശക്തി കുറയുന്ന സമയങ്ങളില്‍ നിരവധി കക്കകളും ലഭിക്കും. നിരവധി അമ്യൂസ്മെന്‍റ് പാര്‍ക്കുകളും ഇവിടെയുണ്ട്. ദേവ്ക ബീച്ചിന് സമീപമുള്ള അമ്യൂസ്മെന്‍റ് പാര്‍ക്ക് കടല്‍ കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമായിരിക്കും പകരുക. കടൈയ്യ ഗ്രാമത്തിലാണ് മിറാസോള്‍ റിസോര്‍ട്ടും വാട്ടര്‍പാര്‍ക്കും സ്ഥിതി ചെയ്യുന്നത്. ശാന്ത മനോഹരമായ തടാകത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ദ്വീപുകളിലായാണ്  വാട്ടര്‍പാര്‍ക്കും റിസോര്‍ട്ടും സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് പാലവും ഉണ്ട്. എല്ലാ പ്രായക്കാര്‍ക്കുമുള്ള ഉല്ലാസ മാര്‍ഗങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ദാമനില്‍ നിന്ന് 1 കിലോമീറ്റര്‍ അകലെ കന്ത -വാപി റോഡില്‍ സ്ഥിതി ചെയ്യുന്ന വൈഭവ് പാര്‍ക്കില്‍ തെങ്ങിന്‍തോപ്പുകള്‍ക്കും മാന്തോപ്പുകള്‍ക്കും ഇടയിലാണ് റൈഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാര്‍ക്കുമായുള്ള 36ഓളം റൈഡുകളാണ് ഇവിടെയുള്ളത്. പോര്‍ച്ചുഗീസ് കോളനിവത്കരണത്തിന്‍െറ ഓര്‍മകളുണര്‍ത്തുന്ന നിരവധി ക്രൈസ്തവ ദേവാലയങ്ങളും കെട്ടിടങ്ങളുമാണ് മറ്റൊരു ആകര്‍ഷണം. മോട്ടി ദാമനിലുള്ള ബോം ജീസസ് ദേവാലയം പോര്‍ട്ടുഗീസ് ശില്‍പ്പകലയുടെ ഉത്തമ ഉദാഹരണമാണ്. 17ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച ഒൗവര്‍ ലേഡി ഓഫ് റൊസാരി ആണ് ഇവിടത്തെ ഏറ്റവും പഴക്കമുള്ള ദേവാലയം. നിരവധി കോട്ടകളും പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ചിട്ടുണ്ട്. സെന്‍റ്. ജെറോം കോട്ടയും ദാമന്‍ കോട്ടയുമെല്ലാം സന്ദര്‍ശകര്‍ക്ക് പ്രിയങ്കരമായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നതാണ്. ലൈറ്റ് ഹൗസാണ് മറ്റൊരു കാഴ്ച..