സായ്ബാബയുടെ ഷിര്‍ദ്ദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സായ്ബാബയുടെ ഷിര്‍ദ്ദി

സായി ഭക്തര്‍ക്ക് പരിചിതമായ സ്ഥലമാണ് ഷിര്‍ദ്ദി. ഷിര്‍ദ്ദി സായ്ബാബയുടെ പേരിലുള്ള തീര്‍ത്ഥാട‌ന കേ‌ന്ദ്രമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്. മുബൈയില്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായാണ് ഷിര്‍ദ്ദി സ്ഥിതി ചെയ്യുന്നത്. ദിവസേ‌ന ആയിരക്കണക്കിന് സായി ഭക്തരാണ് ഷിര്‍ദ്ദി എന്ന ഈ ചെറിയ ടൗണ്‍ സന്ദര്‍ശിക്കുന്നത്.

വൃശ്ചിക മാസം ആകുന്നതോടെ രാജ്യത്തെ വിവിധ ‌ഭാഗത്തുള്ള ഭക്തര്‍ നടന്ന് ഇവിടെയെത്തി ദര്‍ശനം നടത്താറുണ്ട്. ഷിര്‍ദ്ദി ടൗണിന്റെ ഹൃദയഭാഗത്തായാണ് സായ് ബാബ സമാധി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. പതിനാറാം വയസിലാണ് സയ് ബാബ ഷിര്‍ദ്ദിയില്‍ എത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1918ല്‍ അദ്ദേഹം മരണമടയുന്നത് വരെ ഷിര്‍ദ്ദിയില്‍ തന്നെയായിരുന്നു. മഹാലസപതി എന്ന പൂജാ‌രിയാണ് സായ്‌ ബാബയുടെ ദി‌വ്യത്വം ആദ്യം മനസിലാക്കിയതും അദ്ദേഹത്തെ സായ് ബാബ എന്ന് വിളിച്ചതും.

സായ് ബാബയുടെ സമാധി‌ക്ക് ശേഷം 1922ല്‍ ആണ് സായ് ബാബ സമാധി മ‌ന്ദിര്‍ ‌പണികഴിപ്പിച്ചത്. നാഗപൂരിലെ കോടീശ്വരനായിരുന്ന ശ്രീമന്ത് ഗോപാല്‍ റാ‌വു എന്ന സായ് ഭക്തനാണ് മനോഹരമായ ഒരു ക്ഷേത്രം പണികഴിപ്പിച്ചത്. ഷിര്‍ദ്ദി ബാബ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്രത്തിന്റെ ദൈനം‌ദിന കാര്യങ്ങള്‍ നടന്നുപോകുന്നത്. 200 ചതുരശ്ര അടി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും വെ‌ള്ളമാര്‍ബിളില്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ദിനംപ്രതി 20000 പേരെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ഉത്സവവേളകളില്‍ ഇത് ദിവസം ഒരു ലക്ഷം പേര്‍ എന്ന സ്ഥിതിയിലേക്ക് ഉയരും. 1998-99 കാലയളവില്‍ ക്ഷേത്രം പുനരുദ്ധരിക്കുകയുണ്ടായി. സൌകര്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദര്‍ശനത്തിനായുള്ള സംവിധാനം, പ്രാസദ കൗണ്ടര്‍, സംഭാവന കൗണ്ടര്‍, കാന്‍റീന്‍, റെയില്‍‌വേ റിസേര്‍വേഷന്‍ കൗണ്ടര്‍, പുസ്തകശാല എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് താമസത്തിനുളള സൗകര്യം സായി ബാബ സംസ്ഥാന്‍ നല്‍കുന്നു.