വാഗമണ്ണിന്‍റെ താഴ് വരയിലൂടെ ഒരു യാത്ര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാഗമണ്ണിന്‍റെ താഴ് വരയിലൂടെ ഒരു യാത്ര

ഇടുക്കി,കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ.കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പറഞ്ഞറിയിക്കാന്‍ 
കഴിയില്ല. 


 സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്.വാഗമണ്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിത്രം അവിടുത്തെ മനോഹരങ്ങളായ മൊട്ടക്കുന്നുകളാണ്.അനന്തമായ പൈന്‍മരങ്ങളുടെ മനോഹാരിതയും തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും മഞ്ഞ്,ഷോലമലകളും,വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും.ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്.വാഗമൺ മലകളുടെ അടിവാരം തീക്കോയി വരെ നീണ്ടുകിടക്കുന്നു.നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം.തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍ വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്. 

വാഗമണ്‍ സിനിമാക്കാരുടെ പ്രധാന ലൊക്കേഷൻ കൂടിയാണ്.കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേർന്ന്,വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകൾ വാഗമണിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും.യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍.കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും.പലപ്പോഴും വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും,നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം.പറഞ്ഞാലും കണ്ടാലും മതിവരാത്ത  മനം മയക്കുന്ന ദൃശ്യ ചാതുര്യം.. 


പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും,പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം  ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു.
സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണിലുള്ളത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്. ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണ്‍ അറിയപ്പെടുന്നത്.