എയര്‍ ഇന്ത്യ സാറ്റ്‌സ് ഉന്നതനെതിരായ പീഡനക്കേസ് ഒതുക്കാന്‍ പിണറായി മന്ത്രിസഭയിലെ പ്രമുഖന്റെ ഇടപെടല്‍

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഗ്രൈൗണ്ട് ഹാന്‍ഡിലിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന എയര്‍ ഇന്ത്യ സാറ്റ്‌സിലെ വനിതാ ജീവനക്കാരികളുടേത് ഉള്‍പ്പടെയുള്ള പരാതികളിലാണ് പോലീസ് അന്വേഷണം മരവിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്  രണ്ട് ജീവനക്കാരികളാണ് പോലീസിന് പരാതി നല്‍കിയത്. ഒരു വനിതയെ നഗരത്തിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്നും, മറ്റൊരു വനിതയോട് ഓഫീസില്‍ വെച്ച് അപമര്യാതയായി പെരുമാറുകയായിരുന്നുവെന്നുമാണ് പരാതി.

ഈ പരാതികളിന്മേല്‍ ക്രൈം നമ്പര്‍ 1411/2016, 1502/2016 എന്നിങ്ങനെ രണ്ട് കേസുകളാണ് മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തത്. സത്രീപീഡന വിരുദ്ധ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ രണ്ടു കേസുകളിലും ജാമ്യമെടുത്ത് കറങ്ങി നടക്കുകയാണ് ബിനോയ്. 

രണ്ടു കേസുകളും പിന്‍വലിക്കാന്‍ പോലീസ് തന്നെ ഇരകളെ പ്രേരിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. എല്ലാ ഉന്നത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ബിനോയ് ഈ ബന്ധങ്ങള്‍ തന്നെയാണ് ഇരകളെ സമ്മര്‍ദ്ദത്തിലാക്കാനും ഉപയോഗിക്കുന്നത്. പിണറായി മന്ത്രിസഭയിലെ ഓരു പ്രമുഖനാണ് ബിനോയ്ക്കു വേണ്ടി ഈ കേസില്‍ ഇടപെടുന്നതെന്ന് പരാതി നല്‍കിയവര്‍ തന്നെ വ്യക്തമാക്കുന്നു.