അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ ജലാലാബാദ് നഗരത്തിലുണ്ടായ അത്യുഗ്ര സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 12 പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും എട്ട് സിവിലിയന്‍മാരുമാണ് കൊല്ലപ്പെട്ടതെന്ന് കിഴക്കന്‍ അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. 

ജലാലാബാദിലെ സൈനിക ചെക്ക്‌പോയിന്റിലേക്ക് സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ചെത്തിയയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ചെക്ക്‌പോയിന്റിനു സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍, ഷോപ്പുകള്‍, കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ജൂലൈ ഒന്നിന് ജലാലാബാദിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.