ലോകത്തെ ഞെട്ടിച്ച ന്യൂസിലാന്‍റിലെ മുസ്‌ലിം പള്ളിയില്‍ ഭീകരാക്രമണത്തിൽ 49 മരണം; നാലുപേർ അറസ്​റ്റിൽ; ലൈവ് സ്ട്രീം ചെയ്‌ത് അക്രമി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകത്തെ ഞെട്ടിച്ച ന്യൂസിലാന്‍റിലെ മുസ്‌ലിം പള്ളിയില്‍ ഭീകരാക്രമണത്തിൽ 49 മരണം; നാലുപേർ അറസ്​റ്റിൽ; ലൈവ് സ്ട്രീം ചെയ്‌ത് അക്രമി

ന്യൂസിലൻഡിലെ രണ്ട് മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ  ഭീകരാക്രമണത്തിൽ ആകെ മരണം 49 ആയി. 40ലധികം പേർക്ക് ഗുരുതര പരിക്കേറ്റു. ക്രൈസ്റ്റ്ചർച്ചിലെ ഹെഗ് ലി പാർക്കിന് സമീപത്തെ അൽ നൂർ മോസ്കിലും സൗത്ത് ഐലൻഡ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെപ്പ് നടന്നത്. ഭീകരാക്രമണത്തിൽ ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന. ന്യൂസീലൻഡ് അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പ്രാദേശിക സമയം ഉച്ചക്ക് 1.40ന് ഹെഗ് ലി പാർക്കിന് സമീപത്തെ പള്ളിയിൽ കറുത്ത വസ്ത്രവും ഹെൽമറ്റും ധരിച്ചെത്തിയ അക്രമിയാണ് മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. പള്ളിയിൽ കടന്നു കയറിയ ആയുധധാരി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. സംഭവ സമയം 16 വയസ് മുതൽ പ്രായമുള്ള അമ്പതോളം പേർ പള്ളിക്കുള്ളിൽ പ്രാർഥനയിലായിരുന്നു. രാജ്യത്തിന്‍റെ ഇരുണ്ട ദിനമാണിതെന്നും ഭീകരാക്രമണമാണ് നടന്നതെന്നും പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ പ്രതികരിച്ചു.

വെടിവെപ്പിന് ശേഷം കാറിൽ രക്ഷപ്പെട്ട അക്രമിയെ ബ്രൊഹാം സ്ട്രീറ്റിൽ നിന്ന് പൊലീസ് പിടിയിലായി. സ്ത്രീ ഉൾപ്പെടെ നാലു പേരാണ് അറസ്​റ്റിലായത്​. കാറിൽ നിന്ന് വൻ സ്ഫോടന ശേഖരവും കണ്ടെടുത്തിട്ടുണ്ട്.  മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. 

ആക്രമണം നടന്ന സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ ക്രിസ്റ്റ്ചർച്ചിലെ മുസ് ലിം പള്ളിക്ക് സമീപം ഉണ്ടായിരുന്നു. ശനിയാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റ് മൽസരത്തിന് എത്തിയതായിരുന്നു ബംഗ്ലാദേശ് ടീം. സംഭവത്തിന് പിന്നാലെ ടീം അംഗങ്ങൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. താരങ്ങൾ സുരക്ഷിതരെന്ന് ടീമംഗം തമീം ഇഖ്ബാൽ ട്വിറ്ററിലൂടെ അറിയിച്ചു. വെടിവെപ്പിനെ തുടർന്ന് മൂന്നാം ടെസ്റ്റ് മൽസരം മാറ്റിവെച്ചു.

ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി ന്യൂസീലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. അതേസമയം, ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ഫേസ്ബുക്, യൂട്യൂബ് അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഈ വിഡിയോ ഫെയ്സ്ബുക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയവയിൽ പ്രചരിച്ചു. 17 മിനിറ്റാണ് വിഡിയോയുടെ ദൈർഘ്യം.. 

സമാന സമയത്ത് ന്യൂസിലൻഡിലെ മറ്റൊരു മുസ് ലിം പള്ളിയിലും വെടിവെപ്പ് നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗത്ത് ഐലൻഡ് സിറ്റിയിലെ ലിൻവുഡ് അവന്യൂവിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നത്. കത്തോലിക്ക, ആംഗ്ലിക്കൻ വിഭാഗങ്ങൾ അടക്കം ക്രിസ്ത്യൻ വിഭാഗമാണ് ന്യൂസിലൻഡിൽ ഭൂരിപക്ഷം. മൊത്തം ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് മുസ് ലിംകൾ ഉള്ളത്. 2013ലെ കണക്ക് പ്രകാരം 50000 പേർ.