യൂറോപ്പിലാകെ വന്‍ ആക്രമണങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂറോപ്പിലാകെ വന്‍ ആക്രമണങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍

ലണ്ടണ്‍: യൂറോപ്പിലാകെ വന്‍ ആക്രമണങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു. 130 പേര്‍ കൊല്ലപ്പെട്ട പാരീസ് ആക്രമണം പോലെയുള്ള ആക്രമണങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് നടത്താന്‍ സാധ്യതയുള്ളതെന്നാണ് ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് യൂറോപ്പിനെ ചോരയില്‍ മുക്കുകയെന്നതാണ് അവര്‍ ലക്ഷ്യമാക്കിയിരിക്കുന്നത്. 2015 നവംബറിലാണ് ലോകത്തെ നടുക്കിയ പാരിസ് ഭീകരാക്രമണ പരമ്പര നടന്നത്. അന്ന് ചാവേറാക്രമണത്തിലും വെടിവെപ്പിലുമായി 130 പേരാണ് കൊല്ലപ്പെട്ടത്. യുറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലായി ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തിക സഹായത്തോടെ പാരീസ് മാതൃകയിലുള്ള ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായുള്ള തെളിവുകള്‍ പത്രം പുറത്തുവിട്ടിട്ടുണ്ട്. ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായിരുന്ന സിറിയയിലെ യുദ്ധഭൂമികളിലൊന്നില്‍ വെച്ച് കണ്ടെത്തിയ ഹാര്‍ഡ് ഡ്രൈവില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും പത്രം വ്യ്കതമാക്കുന്നുണ്ട്.

ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങള്‍ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെ യുഎസ്, റഷ്യ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ നടത്തിയ ആക്രമണങ്ങളിലൂടെ പരാജയപ്പെടുത്തിയിരുന്നു. പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൈവിട്ടുപോയെങ്കിലും അന്താരാഷ്ട്ര തലത്തിലുള്ള സംവിധാനങ്ങള്‍ ഐ.എസ് ഭീകരര്‍ക്ക് ഇപ്പോഴുമുണ്ട്. പല രാജ്യങ്ങളിലേക്കായി ചുവടുമാറ്റിയ ഐഎസ് ഭീകരര്‍ ബാങ്ക് കൊള്ളയടിക്കുക, കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുക, വാഹനങ്ങള്‍ കടത്തുക, പണം വാങ്ങി കൊലപാതകങ്ങള്‍ നടത്തുക തുടങ്ങിയ നിരവധി മാര്‍ഗങ്ങളിലൂടെയാണ് ഭീകരപ്രവര്‍ത്തനത്തിനായി പണം കണ്ടെത്തുന്നത്. റഷ്യ, ജര്‍മനി എന്നിവിടങ്ങളിലായി ഐഎസിന് മൂന്ന് സംഘങ്ങള്‍ ഉണ്ടെന്നും സിറിയയില്‍ മറ്റൊരു സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലുണ്ട്. നഷ്ടപ്പെട്ട ഖിലാഫത്തിനായി പണം കണ്ടെത്തുക ഇവരുടെ ചുമതലയാണെന്ന് സ്വയം ഖലീഫയായി പ്രഖ്യാപിച്ച അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് എന്ന രീതിയില്‍ എഴുതിയ കത്തില്‍ പറയുന്നുണ്ട്. മാത്രമല്ല വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണങ്ങള്‍ക്കും ഐഎസ് പദ്ധതിയിടുന്നുണ്ട്.