യുഗാന്ത്യം: സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഗാന്ത്യം: സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു

ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വെയുടെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. 37 വര്‍ഷം നീണ്ടു നിന്ന മുഗാബെയുഗത്തിനാണു ഇതോടെ അന്ത്യമായത്. സൈന്യം അധികാരം പിടിച്ചെടുക്കുകയും പിന്നാലെ ഭരണകക്ഷിയായ സാനു-പിഎഫിന്റെ നേതൃസ്ഥാനത്ത് നിന്നും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയതോടെയാണ് മുഗാബെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. മുന്‍വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ എംനാന്‍ഗാഗയെ പുതിയ  പ്രസിഡന്റായി പാർട്ടി തെരഞ്ഞെടുത്തു.  

മുഗാബെ രാജിവച്ച വിവരം പാര്‍ലമെന്റ് സ്പീക്കര്‍ ജേക്കബ് മുണ്ടെഡയാണ് ലോകത്തെ അറിയിച്ചത്. ''റോബര്‍ട്ട് മുഗാബെയെന്ന ഞാന്‍ സിംബാബ്‌വെ ഭരണഘടനയിലെ 96-ാം അനുഛേദം അനുസരിച്ച് ഞാന്‍ ഔദ്യോഗികമായി രാജിവയ്ക്കുന്നു....''  എന്ന മുഗാബെയുടെ രണ്ട് വരി രാജിക്കത്തും സ്പീക്കര്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്‍പാകെ വായിച്ചു. 

കഴിഞ്ഞ ചൊവ്വാഴ്ച മുഗാബെയെ അട്ടിമറിച്ച് സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് 93-കാരനായ റോബര്‍ട്ട് മുഗാബെയ്ക്ക് അധികാരം നഷ്ടപ്പെടാനുള്ള വഴിയൊരുങ്ങിയത്. പ്രായാധിക്യം മൂലം അവശനായ മുഗാബെ അധികാരം ഭാര്യ ഗ്രെയ്‌സിന് കൈമാറാന്‍ തീരുമാനിച്ചതോടെയാണ് പട്ടാളഅട്ടിമറിയിലേക്ക് രാജ്യം നീങ്ങിയത്. 

അധികാരം ഏറ്റെടുത്ത സൈന്യം മുഗാബെയെ വീട്ടുതടങ്കിലാക്കിയതിന് പിന്നാലെ സാനു-പി.എഫ് പാര്‍ട്ടി യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയെ പാര്‍ട്ടിയുടെ പ്രഥാമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും മുഗാബെ പുറത്താക്കിയ മുന്‍വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ എംനാന്‍ഗാഗയെ തങ്ങളുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.