ജമ്മു കശ്മീരിനും ഇന്ത്യൻ സൈന്യത്തിനുമെതിരെ ഭീഷണി; അൽ ഖായിദ തലവൻ അയ്മൻ അൽ–സവാഹിരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജമ്മു കശ്മീരിനും ഇന്ത്യൻ സൈന്യത്തിനുമെതിരെ ഭീഷണി; അൽ ഖായിദ തലവൻ അയ്മൻ അൽ–സവാഹിരി

ന്യുഡൽഹി: ജമ്മു കശ്മീരിനും ഇന്ത്യൻ സൈന്യത്തിനുമെതിരെ ഭീഷണിയുമായി അൽ ഖായിദ തലവൻ അയ്മൻ അൽ–സവാഹിരി. ഭീകര സംഘടന പുറത്തിറക്കിയ സവാഹിരിയുടെ വിഡിയോ സന്ദേശത്തിലാണ് ‘കശ്മീരിനെ മറക്കരുത്’ എന്നും ഇന്ത്യൻ സൈന്യത്തിനുമേൽ പ്രഹരമേൽപ്പിക്കുന്നതിൽ കശ്മീരിലെ മുജാഹിദ്ദീനുകൾ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അൽ ഖായിദ തലവൻ ഓർമിപ്പിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ പാകിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ചും സവാഹിരി സന്ദേശത്തിൽ പ്രതിപാദിക്കുന്നുണ്ട്.

സൈന്യത്തിനും സർക്കാരിനുമെതിരെ പ്രവർത്തിച്ച് ഇന്ത്യൻ സമ്പദ്ഘടനെയും മാനവശേഷിയെയും തകർക്കുന്നതിലാണ് കശ്മീർ മുജാഹിദ്ദീനുകൾ ശ്രദ്ധിക്കേണ്ടതെന്നു സവാഹിരി പറഞ്ഞു. അൽ ഖായിദയുടെ ഇന്ത്യൻ സെല്ലിന്റെ തലവൻ സാക്കിർ മൂസയെ കുറിച്ച് വിഡിയോസന്ദേശത്തിൽ പരാമർശമില്ലെങ്കിലും കശ്മീരിനെ കുറിച്ചു പറയുമ്പോൾ സാക്കിറിന്റെ ചിത്രങ്ങളാണ് സ്ക്രീനിൽ തെളിയുന്നത്. കഴിഞ്ഞ മേയിലാണ് സാക്കിർ മൂസയെ കശ്മീരിൽ സുരക്ഷ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അയ്മൻ അൽ–സവാഹിരി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

താലിബാന്റെയും പാക്കിസ്ഥാന്റെയും കശ്മീർ നയത്തെ വിഡിയോയിൽ സവാഹിരി താരതമ്യം ചെയ്യുന്നുണ്ട്. പാകിസ്ഥാൻ സൈന്യവും സർക്കാരും പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മുജാഹിദ്ദീനുകളെ ചൂഷണം ചെയ്യുകയാണ്. അവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ മാത്രമാണ് പാക്കിസ്ഥാൻ ചെയ്യുന്നത്. പാക്കിസ്ഥാൻ അമേരിക്കയുടെ കയ്യിലെ കളിപ്പാവയാണെന്നും ഇന്ത്യയുമായുള്ള അതിർത്തിതർക്കം അമേരിക്കൻ ഇന്റലിജൻസ് നിയന്ത്രിക്കുന്ന ഒരു പോരാട്ടം മാത്രമാണെന്നും സവാഹിരി വിമർശിക്കുന്നു.

അതേസമയം ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നു തെളിയിക്കുന്നതിനായി പാക്കിസ്ഥാൻ ഇന്റലിജൻസ് തന്നെയാണ് വിഡിയോ പുറത്തുവിട്ടതെന്നും ആരോപണമുണ്ട്. കശ്മീരിലെ സംഘട്ടനങ്ങൾ വെറും അതിർത്തി തർക്കം മാത്രമല്ലെന്നും മുസ്‌ലിം സമുദായത്തിനെതിരെയുള്ള വിനാശ ശക്തികളോടുള്ള യുദ്ധമാണെന്നും സവാഹിരി പറഞ്ഞു. കശ്മീരിൽ മുസ്‌ലിം പള്ളികളിലും മുസ്‌ലിങ്ങൾ ഒത്തുകൂടുന്ന ഇടങ്ങളിലും ആക്രമം നടത്തരുതെന്നും അയ്മൻ അൽ–സവാഹിരി ആഹ്വാനം ചെയ്തു.

ജമ്മു കശ്മീരിലെ ഭീകരവാദ സംഭവങ്ങൾ പരിശോധിക്കുന്നതിലും വിഘടനവാദികളെ ഒറ്റപ്പെടുത്തുന്നതിലും സർക്കാർ നേടിയ വിജയമാണ് അൽ ഖായിദയുടെ വിഡിയോയുടെ പിന്നിലെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം. ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങളുടെ കുറവുവന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതലായി ഭീകരരെ ഇല്ലാതാക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഭീകരവാദ കേഡറിനെ പ്രചോദിപ്പിക്കാനുള്ള ശ്രമമാണ് വിഡിയോയെന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് വക്താവ് പറഞ്ഞു.


LATEST NEWS