വിയറ്റ്നാമിൽ നിന്നൊരു അഡാർ പൂച്ച

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണിറുക്കി കാണിക്കാതെ, സം​ഗീതത്തിന്റെ  അകമ്പടിയില്ലാതെ ഏതാനും ചിത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള പൂച്ച പ്രേമികളുടെ ഹൃദയത്തിലേക്ക് ഒരൊറ്റ ചാട്ടം നടത്തിയിരിക്കുകയാണ് വിയറ്റ്നാമിലെ ചോ എന്ന മൂന്ന് വയസുകാരൻ പൂച്ച.

വിയറ്റ്നാമിലെ തെരുവോരങ്ങളിലൂടെ തന്റെ പ്രിയപ്പെട്ട യജമാനനായ ലീ ക്വോക്ക് ഫോംഗിന്റൊപ്പം കോട്ടും സൂട്ടും എന്നു മാത്രമല്ല കൂളിംങ് ​ഗ്ലാസും വെച്ച് ചോ നടക്കുന്നത് പരിസരവാസികൾക്ക് ഒരു നിത്യേനയുള്ള കാഴ്ച്ചയായി  മാറിയിരിക്കുകയാണ്. യജമാനനൊപ്പം കിടിലൻ ലുക്കിൽ ചോ പോകുന്നത് ഷോപ്പിംങിനോ ചുറ്റിയടിക്കാനോ അല്ലെന്നതാണ് ഏറ്റവും രസകരമായ കാര്യം.  പ്രിയപ്പെട്ട മത്സ്യങ്ങൾ വിൽക്കുവാനാണ് ചോ പോകുന്നത്.

മീൻ മുന്നിൽ വച്ചാൽ പൂച്ചയെടുക്കില്ലേ എന്നു സംശയിക്കുന്നവർക്കുള്ള കിടിലൻ മറുപടിയും ലീ ക്വോക്ക് ഫോംഗ് നൽകുന്നു. ചോ എന്നാൽ നായയെന്നാണ് വിയറ്റ്നാം ഭാഷയിൽ അർഥം, കൂടാതെ ഒരു നായയ്ക്ക് ഉണ്ടായിരിക്കേണ്ട എല്ലാ ​ഗുണങ്ങളും തന്റെ ചോയിൽ അടങ്ങിയിട്ടുണ്ടെന്നും അഭിമാനത്തോടെ ലീ വ്യക്തമാക്കുന്നു.

എെസ്ക്രീം, ചീസ്, എന്നിവയെല്ലാം ചോയ്ക്ക് പ്രിയപ്പെട്ടതാണെന്ന് ലീ പറയുന്നു. ഭക്ഷണം മാത്രമല്ല നന്നായി അണിഞ്ഞൊരുങ്ങാനും യാത്രകൾ പോകാനും ചോയ്ക്ക് ഇഷ്ടമാണെന്ന് അഭിമാനത്തോടെ ചോയുടെ ഉടമസ്ഥനായ ലീ പറയുന്നു. 

അണിഞ്ഞൊരുങ്ങാൻ ഏറെ കൊതിയുള്ള തന്റെ പ്രിയപ്പെട്ട സുന്ദരൻ ചോയ്ക്കായി ലീ വാങ്ങിക്കൂട്ടിയിരിക്കുന്നത് എണ്ണമറ്റ വസ്ത്രങ്ങളാണ്. കൂടാതെ വിവിധ തരത്തിലുള്ള കൂളിംങ് ​ഗ്ലാസുകളും കൊച്ചു ചോയ്ക്കായി ലീ സ്വന്തമാക്കിയിട്ടുണ്ട്.

എവിടെ പോയാലും ചോയെത്തേടി ആരാധകരുടെ പ്രവാഹമാണെന്നു ലീ പറയുന്നു. സെൽഫിക്കായി പോസ് ചെയ്യാനും ചോ ഏറെ ഇഷ്ടപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ് ബുക്കിലും, ഇൻസ്റ്റ​ഗ്രാമിലും മാസ്മരിക ലുക്കും, കിടിലൻ പോസുകളും തീർക്കുന്ന ലീയിന്ന് ആരാധകരുടെ പ്രിയപ്പെട്ടവനാണ്. 
വ്യത്യസ്ത ​ഗെറ്റപ്പിലൂടെയും, ഫാഷൻ ലോകത്തെ ചുവട് പിടിച്ചും കുഞ്ഞു ചോ വരുന്നതും കാത്ത് സോഷ്യൽ മീഡിയയിൽ ഇന്ന് കാത്തിരിക്കുന്ന ആരാധകർ ഏറെയാണ്. കൗതുകമുണർത്തുന്ന വേഷവിധാനവും, നിഷ്കളങ്കമായ കണ്ണുകളുമുള്ള ചോ ലോകമെങ്ങുമള്ള ആരാധകരുടെ ഹൃദയത്തെ കീഴടക്കി കഴിഞ്ഞു.