അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യ വനിതാ ഗവര്‍ണറായി ചരിത്രവിജയം നേടി ക്രിസ്റ്റി നൊയിം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യ വനിതാ ഗവര്‍ണറായി ചരിത്രവിജയം നേടി ക്രിസ്റ്റി നൊയിം 

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞദിവസം നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ ടിക്കറ്റില്‍ മല്‍സരിച്ച ക്രിസ്റ്റി നൊയിം ചരിത്രവിജയം നേടി. ഇതോടെ സൗന്ത് ഡെക്കോഡ സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഗവര്‍ണറായി ക്രിസ്റ്റി മൊയിമിനെ തെരഞ്ഞെടുത്തു. ആദ്യ ഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ട്രംപിന് വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ സെനറ്റില്‍ റിപ്പബ്ലിക്കുകള്‍ക്ക് തന്നെയാണ് ഭൂരിപക്ഷം. 

മാസച്യുസെറ്റ്സില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബര്‍ണി സെന്‍ഡേഴ്സിനാണ് വിജയം. അതേസമയം, ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഗ്രെഗ് പെന്‍സ് വിജയിച്ചു. ഡെമോക്രാറ്റ് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡ് ന്യൂയോര്‍ക്കില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയാണ് ഗില്ലിബ്രാന്‍ഡ്. ന്യൂജഴ്സിയിലും ജയം ഡെമോക്രാറ്റുകള്‍ക്കാണ്. സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം തവണയും ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു. പ്രാരംഭഘട്ടത്തിലെ കണക്കുകള്‍ അനുസരിച്ച് വോട്ടു ചെയ്ത 55 ശതമാനം പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സിഎന്‍എന്‍ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 ശതമാനം ആളുകള്‍ ട്രംപിനെ പിന്തുണച്ചു. ട്രംപ് പ്രസിഡന്റായതിനുശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്.