കോവിഡ് 46 രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു; ലോകം മുൾമുനയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോവിഡ് 46 രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു; ലോകം മുൾമുനയിൽ

ബെയ്ജിങ്: ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്നു. ചൈനക്കുപുറത്ത് 46 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു. കോവിഡ് ഭീതിയെ തുടര്‍ന്ന് അടുത്തമാസം അമേരിക്കയില്‍ നടക്കാനിരുന്ന ആസിയാന്‍ ഉച്ചകോടി മാറ്റിവച്ചു. ചൈനയില്‍ കോവിഡ് 19 വൈറസ് ബാധിച്ച പുതിയ രോഗികളുടെ എണ്ണം കുറയുമ്പോള്‍ മറ്റുരാജ്യങ്ങളില്‍ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. നാല്‍പത്തിയേഴ് രാജ്യങ്ങളിലായി എണ്‍പത്തി രണ്ടായിരത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2902 പേര്‍ക്ക് ജീവന്‍  നഷ്ടമായി. ഇറാനില്‍ 34 പേരും ഇറ്റലിയില്‍ 21 പേരും ദക്ഷിണ കൊറിയയില്‍ 13 പേരും വൈറസ് ബാധിച്ച് മരിച്ചു. നൈജീരിയ, മെക്സിക്കോ, ന്യൂസീലന്‍ഡ് അസര്‍ ബൈജാന്‍ എന്നീ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. 

കോവിഡ് ഭീതി ശക്തമായതോടെയാണ് മാര്‍ച്ച് രണ്ടാംവാരം ലാസ് വേഗാസില്‍ നടക്കാനിരുന്ന ആസിയാന്‍ ഉച്ചകോടി മാറ്റിവയ്ക്കുന്നത്. അംഗരാജ്യങ്ങളുമായി ചര്‍ച്ചചെയ്താണ് തീരുമാമെടുത്തതെന്ന് അമേരിക്ക അറിയിച്ചു. ബെര്‍ലിനില്‍ മാര്‍ച്ച് നാലിന് തുടങ്ങേണ്ടിയിരുന്ന  ലോകത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര മേളയായ ഐ.ടി.ബി ബെര്‍ലിനും ഈ വര്‍ഷത്തെ ജനീവ ഇന്റര്‍ നാഷണല്‍ കാര്‍ ഷോയും റദ്ദാക്കി. വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ജൂലൈയില്‍ ജപ്പാനില്‍ നടക്കേണ്ട ഒളിംപിക്സ് മാറ്റിവയ്ക്കാനും സാധ്യതയുണ്ട്. സാമ്പത്തിക രംഗത്തും വലിയ നഷ്ടമാണ് കോവിഡ് സൃഷ്ടിക്കുന്നത്. 2008ലെ ആഗോള മാന്ദ്യത്തിന് ശേഷമുള്ള കനത്ത ഇടിവാണ് ഓഹരി വിപണികളില്‍ നേരിടുന്നത്.


LATEST NEWS