ഗസ്സയിലെ ഇസ്‌റായേല്‍ ആക്രമണം: അപലപിച്ച് യു.എന്‍ പൊതുസഭ; പ്രമേയം യു.എസ് വീറ്റോ ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗസ്സയിലെ ഇസ്‌റായേല്‍ ആക്രമണം: അപലപിച്ച് യു.എന്‍ പൊതുസഭ; പ്രമേയം യു.എസ് വീറ്റോ ചെയ്തു

ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഫലസ്തീനികള്‍ക്കു നേരെ ഇസ്‌റായേല്‍ സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എന്‍ പൊതുസഭ. 120 അംഗരാജ്യങ്ങളുടെ ശക്തമായ പിന്തുണയോടെയാണ് ഇസ്‌റായേലിനെതിരെ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ യു.എസ് വീറ്റോ ചെയ്തതോടെ പ്രമേയം തള്ളി.

കഴിഞ്ഞ രണ്ടരമാസത്തിനിടെയുണ്ടായ ആക്രമണത്തില്‍ 120 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രമേയം. ഫലസ്തീനിലെ സാധാരണക്കാര്‍ക്കു നേരെ അമിതവും ക്രമാതീതമായതും തരംനോക്കാതെയുമുള്ള ആക്രമണമാണ് നടന്നതെന്ന് പ്രമേയം പറഞ്ഞു. ഗസ്സയിലും അധിനിവേശ വെസ്റ്റ്ബാങ്കിലും ഫലസ്തീനികള്‍ക്ക് സംരക്ഷണം ഒരുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അറബ്, മുസ്‌ലിം രാജ്യങ്ങളെ പ്രതിനിധീകരിച്ച് അള്‍ജീരിയയും തുര്‍ക്കിയുമാണ് പ്രമേയം അവതരിപ്പിച്ചത്. 193 അംഗ സഭയില്‍ നിന്ന് 120 രാജ്യങ്ങളുടെ പിന്തുണ പ്രമേയത്തിന് ലഭിച്ചപ്പോള്‍ യു.എസ് അടക്കം എട്ടു രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തു വോട്ടുചെയ്തത്. 45 അംഗങ്ങള്‍ ഹാജരായിരുന്നില്ല. ഓസ്‌ട്രേലിയ, മാര്‍ഷല്‍ ഐലാന്റ്, മൈക്രോനേഷ്യ, നോറു, സോളമന്‍ ഐലാന്റ്, തോഗൊ എന്നീ രാജ്യങ്ങളാണ് ഇസ്‌റായേലിനും യു.എസിനും ഒപ്പം ചേര്‍ന്നത്. 15 അംഗ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയവും യു.എസ് വീറ്റോ ചെയ്തിരുന്നു.