പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചു; കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചു; കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു

ഹേഗ്: പാകിസ്ഥാൻ ശിക്ഷിച്ച മുൻ ഇന്ത്യൻ നാവികൻ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. ചാരവൃത്തി ആരോപിച്ചാണ് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചതായും അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തി.

ഇന്ത്യൻ നാവിക സേനയിൽ നിന്ന് വിരമിച്ച് സ്വകാര്യ ആവശ്യത്തിന് ഇറാനിലെത്തിയ കുൽഭൂഷൺ ജാദവിനെ 2016ലാണ് പാകിസ്താൻ ചാര ഏജൻസി പിടികൂടിയത്. ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്റ്റേ വാങ്ങി. ജാദവിനെ തടവിലാക്കിയത് മുതൽ അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിച്ച പാകിസ്താൻ, അദ്ദേഹത്തെ കാണാൻ പോലും ഇന്ത്യൻ അധികൃതരെ അനുവദിച്ചില്ല. അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ജാദവിന്റെ അമ്മയെയും ഭാര്യയെയും കാണാൻ അനുവദിച്ചു. എന്നാൽ, പഠിപ്പിച്ചു വിട്ടത് പോലെ ആയിരുന്നു നിർവികാരനായി കാണപ്പെട്ട ജാദവിന്റെ പ്രതികരണം.

കുൽഭൂഷൺ കുറ്റസമ്മതം നടത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിൻറെ വീഡിയോയും പാകിസ്താൻ പുറത്തുവിട്ടിരുന്നു. കുൽഭൂഷണെ മർദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്നാണ് ഇന്ത്യ വാദിക്കുന്നത്. അഭിഭാഷകൻ ഹരീഷ് സാൽവെ ആണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കോടതിയിൽ പലതവണ തിരിച്ചടി നേരിട്ട പാകിസ്താൻ, വിധിയെ മാനിക്കില്ലെന്ന നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു.


LATEST NEWS