സൈന്യത്തെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ ‘ഗൗരവമായ തിരിച്ചടികൾ’ ഉണ്ടാകും : യുഎസിന്  ഇറാന്‍റെ മുന്നറിയിപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൈന്യത്തെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ ‘ഗൗരവമായ തിരിച്ചടികൾ’ ഉണ്ടാകും : യുഎസിന്  ഇറാന്‍റെ മുന്നറിയിപ്പ്

ടെഹ്റാൻ:  ഇറാനും യുഎസും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഇറാന്റെ സൈന്യത്തെ ഭീകര സംഘടനയായി മുദ്ര കുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതാണ് പ്രകോപനത്തിനു കാരണം. സൈന്യത്തിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ ‘ഗൗരവമായ തിരിച്ചടികൾ’ യുഎസിന് പ്രതീക്ഷിക്കാമെന്ന് ഇറാൻ പ്രതികരിച്ചു.

‘പുതിയ ഉപരോധങ്ങളുമായി യുഎസ് വരികയാണെങ്കിൽ ഇറാന്റെ 2000 കിലോമീറ്റര്‍ ചുറ്റളവിലുള്ള, മധേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അവിടെ നിന്ന് മാറ്റേണ്ടിവരും. ഇറാനിയൻ മിസൈലുകളുടെ പ്രഹരപരിധി ഇത്രയുമുണ്ട്’– ഇറാൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് നൽകി. ബഹ്റിൻ, ഇറാഖ്, ഒമാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായി യുഎസിന് സേനാതാവളങ്ങളുണ്ട്.

അമേരിക്കയുമായി ചർച്ച നടത്താമെന്ന ആശയത്തെയും സേനാമേധാവി തള്ളിക്കളഞ്ഞു. ഐഎസ് ഭീകരർക്കു നേരെ പോരാടിയ ധീരചരിത്രമുണ്ട് ഇറാന്. സൈന്യത്തെ ഭീകരരായി യുഎസ് കണക്കാക്കിയാൽ അവരെയും ഭീകരരായി കണ്ട് പോരാട്ടം തുടങ്ങുമെന്നും ജനറൽ മുഹമ്മദ് അലി ജാഫരി പറഞ്ഞു.

‘യുഎസിലെ ഭരണകൂടം തെറ്റായ നയതന്ത്ര നിലപാടുകൾ സ്വീകരിക്കില്ലെന്നാണു വിശ്വാസം. ഒരുപക്ഷെ അങ്ങനെ സംഭവിച്ചാൽ പ്രത്യാഘാതം കടുത്തതും ഗുരുതരവും നാശോന്മുഖവുമായിരിക്കും’– ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ബഹ്‌റാം ഖ്വസേമി ചൂണ്ടിക്കാട്ടി. 2015ലെ ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങി ഇറാനെതിരേ ഉപരോധം ശക്തമാക്കുകയാണ് ട്രംപ് ഭരണകൂടം. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചിട്ടില്ല. അധികാരത്തിലെത്തിയപ്പോഴും അതിനു മുൻപും ഇറാനുമായുള്ള ആണവ കരാ‍റിനെ ഏറ്റവും മോശമെന്നാണു ട്രംപ് വിശേഷിപ്പിച്ചിട്ടുള്ളത്. ഒക്ടോബര്‍ 15ന് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കരാറിനെതിരായ നിലപാടെടുക്കാനാണ് ട്രംപിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

അക്രമവും രക്തചൊരിച്ചിലുമാണ് ഇറാന്റെ പ്രധാന കയറ്റുമതിയെന്നും മധ്യേഷ്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ഇറാനാണെന്നും ട്രംപ് പറയുന്നു ആണവ കരാറിൽ തെറ്റായ നീക്കം യുഎസ് എടുക്കുകയാണങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനെയിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.


LATEST NEWS