എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി
ന്യൂഡല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ ഇന്ത്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി.ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന പ്രത്യേക അവകാശ പദവി നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്.
 
ഇറാനെ ഒഴിവാക്കി അമേരിക്ക, സൗദി അറേബ്യ, റഷ്യ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം അന്ഗീകരിക്കാനാകത്തതെന്നു ഇറാന്‍റെ ഡെപ്യുട്ടി അംബാസിഡര്‍ അറിയിച്ചു. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ വര്ഷം നവംബര്‍ നാലിനകം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക കഴിഞ്ഞ മാസം അന്ത്യശാസനം നല്‍കിയിരുന്നു.
 
എണ്ണ ഇടപാട് കുറച്ചു കൊണ്ട് വന്ന് നവംബര്‍ നാലോടെ അത് പൂര്‍ണ്ണമായും നിറുത്തണമെന്നാണ് യുഎസിന്‍റെ നിര്‍ദ്ദേശം. ഇന്ത്യയ്ക്കും ചൈനയ്ക്കും മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കാര്യത്തില്‍ ഇളവ് നല്‍കാനാകില്ലെന്നും വാണിജ്യ ഉപരോധം അവര്‍ക്കും ബാധകമാണെന്നുമാണ് അമേരിക്കന്‍ നിലപാട്. എണ്ണ വിഷയം കൂടാതെ ഇറാനിലെ തുറമുഖ വികസനത്തിനായി നിക്ഷേപം ആകര്‍ഷിക്കാമെന്ന വാഗ്ദാനം ഇന്ത്യ പാലിക്കാത്തതിലും ഇറാന് അമര്‍ഷമുണ്ട്.
 
 
ഇക്കാര്യത്തില്‍ ഇന്ത്യ ഉടന്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഇറാന്‍ ഡെപ്യുട്ടി അംബാസിഡര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന ഊര്‍ജ്ജ പങ്കാളിയാണ് ഇറാനെന്നും ഇരു രാജ്യങ്ങളിലെയും വിതരണക്കരുടെയും ഉപഭോക്താക്കളുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് യുക്തിപരമായ നിരക്കിലാണ് എണ്ണ നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.