വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി എയർ ഹോസ്റ്റസ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി എയർ ഹോസ്റ്റസ് 

ദുബായ്:ജോലിസമയത്ത് മദ്യപിച്ചും, യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയും വിമാനം തകർക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത  പൈലറ്റിനെകുറിച്ച് കോടതിയിൽ തുറന്നു പറഞ്ഞു എയർ ഹോസ്റ്റസ്. മാൻഡ്രിൽ നിന്നും ദുബായിലേക്ക് 2018 ജൂൺ ഒന്നിന് തിരിച്ച വിമാനത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ഞെട്ടിക്കുന്ന  വിവരങ്ങളാണ് പ്രശ്നങ്ങൾക്ക് സാക്ഷിയായ എയർഹോസ്റ്റസ് കോടതിയെ അറിയിച്ചത്.

 ഇറാഖി മിസൈൽ ഉപയോഗിച്ച് വിമാനം തകർക്കുമെന്നാണ് ഓഫ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൈലറ്റ് ഭീഷണിപ്പെടുത്തിയത്. തന്റെ കൈവശം സ്ഫോടക വസ്തുക്കൾ ഉണ്ടെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്ന്  ഉസ്ബക്കിസ്ഥാൻ സ്വദേശിയായ എയർ ഹോസ്റ്റസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ വ്യക്തമാക്കി.

'പ്രതിയായ വ്യക്തി ആദ്യം മുതൽ തന്നെ മോശമായ രീതിയില്‍ ആണ് പെരുമാറിയിരുന്നത്. അനുവാദം കൂടാതെ നാലു കാൻ ബിയർ ഇയാൾ എടുത്തു കഴിച്ചു. വിമാനം ഇറാഖിനു മുകളിലൂടെ പറക്കുമ്പോൾ ബാഗ്ദാദിലുള്ള തന്റെ സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്നും വിമാനത്തെ ലക്ഷ്യമാക്കി മിസൈൽ തൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതി പറഞ്ഞു. എല്ലാവരും മരിക്കാൻ പോവുകയാണെന്ന് ഇയാൾ ആക്രോശിച്ചു. ഒരു വിധത്തിൽ ഇയാളെ ശാന്തനാക്കി സീറ്റിൽ ഇരുത്തിയപ്പോൾ വിമാനത്താവളത്തിൽ ഒരു വിഐപി നമ്മളെ കാത്തിരിക്കുന്നുണ്ടെന്നും എല്ലാവരും മരിക്കുമെന്നും ഇയാൾ പറഞ്ഞു. എനിക്ക് സ്വന്തം ജീവനിലും കുടുംബത്തിന്റെ സുരക്ഷയിലും ഭയം തോന്നി. ജോലി പോകുമോ എന്നും ഭയന്നു. ഇപ്പോഴും ആ ഭയം ഉണ്ട്'–പ്രസീഡിങ് ജഡ്ജ് അറഫ മുഹമ്മദിന് മുന്നിൽ എയർ ഹോസ്റ്റസ് വ്യക്തമാക്കി.

 വിമാന ജീവനക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുക  ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും çചെയ്യുക, ഭീഷണിപ്പെടുത്തുക, പൊതുമുതൽ നശിപ്പിക്കുക, ലൈസൻസ് ഇല്ലാതെ മദ്യപിക്കുക, മറ്റുയാത്രക്കാരെ അപമാനിക്കുക തുടങ്ങിയ നിരവധി  കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിമാനത്തിലെ ഒരു സീറ്റും ജനൽവാതിലിന്റെ ഒരു കവറും പ്രതി മനഃപൂർവം നശിപ്പിച്ചു.

വിമാനത്തിലെ ജീവനക്കാർ നിർദേശിച്ചത് അനുസരിച്ചു ബ്രിട്ടിഷ് സർവീസ് മാനേജർ ആണ് വിഷയം പൊലീസിനെ അറിയിച്ചത്. ദുബായ് പൊലീസ് സംഘം വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ സ്ഥലത്ത് എത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പ്രതിയായ വ്യക്തി വിമാനത്തിൽ കയറുമ്പോൾ തന്നെ സ്വബോധത്തിൽ അല്ലായിരുന്നുവെന്നു റൊമാനിയൻ ഫ്ലൈറ്റ് അറ്റൻഡ് പറഞ്ഞു. വിമാനം പുറപ്പെട്ട് ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.
സംഭവ ദിവസം ഉണ്ടായിരുന്ന ക്യാബിൻ സൂപ്പർവൈസറും ഇക്കാര്യങ്ങൾ സമ്മതിച്ചു. കേസ് വീണ്ടും ഒക്ടോബർ 24ന് പരിഗണിക്കും.