പതിനാറ് വയസുകാരന്‍ ഗവര്‍ണറാകുമോ..??

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പതിനാറ് വയസുകാരന്‍ ഗവര്‍ണറാകുമോ..??

ഷിക്കാഗോ: അമേരിക്കന്‍ സംസ്ഥാനമായ കന്‍സാസിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിച്ചു. ഒരു സ്ഥാനാര്‍ഥിയുടെ പ്രായമറിഞ്ഞാല്‍ ഞെട്ടും...പതിനാറു വയസ്സ്.  സ്ഥാനാര്‍ഥിയുടെ പേര് -ജാക്ക് ബെര്‍ഗിന്‍സണ്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് ജാക്ക്.

ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കന്‍സാസ് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ജാക്കിന് സാധിച്ചത്. എ ബി സി നെറ്റ് വര്‍ക്കിലെ ഹാസ്യപരിപാടിയായ ജിമ്മി കിമ്മെല്‍ ലൈവ് എന്ന പരിപാടിയില്‍ ഇക്കഴിഞ്ഞ ദിവസം ജാക്ക് പങ്കെടുത്തിരുന്നു.

'കുട്ടികള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവസരം ലഭിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്'- പരിപാടിയില്‍ ജാക്ക് പറഞ്ഞു. എന്നാല്‍ തിരഞ്ഞടുപ്പില്‍ വോട്ടു രേഖപ്പെടുത്താനുള്ള പ്രായം പോലും ജാക്കിനില്ലെന്നതാണ് മറ്റൊരു വസ്തുത.


ജാക്ക് മാത്രമല്ല, സഹപാഠിയായ അലെക്‌സാണ്ടര്‍ ക്ലിനെയും മത്സരരംഗത്തുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്കാണ് അലെക്‌സാണ്ടറിന്റെ മത്സരം. അമേരിക്കയിലെ മറ്റ് സ്റ്റേറ്റുകളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൊട്ടടുത്ത സംസ്ഥാനമായ മിസൗറിയില്‍ 30 വയസ്സ് പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനാകൂ. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് ജാക്കിന്റെ മത്സരം. അധ്യാപകര്‍ക്ക് ശമ്പളവര്‍ധനയും കന്‍സാസിന്റെ ആരോഗ്യസംരക്ഷണ രീതിയില്‍ മാറ്റം വരുത്തുമെന്നുമാണ് ജാക്കിന്റെ വാഗ്ദാനങ്ങള്‍.


LATEST NEWS