പേൻ ചെള്ള് വില്ലനായി, അഞ്ച് വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത കഷ്ടത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പേൻ ചെള്ള് വില്ലനായി, അഞ്ച് വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത കഷ്ടത

വാഷിങ്ടണ്‍: പേന്‍ ചെള്ള് കടിച്ചതിനെ തുടര്‍ന്ന് അഞ്ചു വയസ്സുകാരി കുഴഞ്ഞു വീണു. അമേരിക്കയിലെ മിസ്സിസ്സിപ്പിയാണ് സംഭവം. തലേദിവസം രാത്രിവരെ ചുറുചുറുക്കോടെ ഓടി കളിച്ചു നടന്ന കെയ്‌ലിന്‍ ഗ്രിഫിന്‍ എന്ന പെണ്‍കുട്ടിയാണ് ബുധനാഴ്ച രാവിലെ ഉറക്കമെണീറ്റ ഉടന്‍ കുഴഞ്ഞു വീണത്. സംസാരശേഷിയും നഷ്ടമായിരുന്നു. 

അതിനാല്‍ തന്നെ കുടുംബത്തിന് ഈ ദുരന്തം താങ്ങാന്‍ കഴിയുമായിരുന്നില്ല. കുട്ടിയെ ചേര്‍ത്ത് പിടിച്ച് തലമുടി കെട്ടിയൊതുക്കുമ്പോഴാണ് ചോരകുടിച്ച് കിടക്കുന്ന പേന്‍ചെള്ളിനെ മാതാവിന്‍റെ ശ്രദ്ധയില്‍പെട്ടത്. പെട്ടെന്ന് കാര്യം മനസ്സിലായെങ്കിലും കുട്ടിയുടെ ചോരയൂറ്റിയെടുത്ത ചെള്ളും അസുഖവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായെങ്കിലോ എന്ന് സംശയിച്ച് അമ്മ ജെസ്സീക്ക ഗ്രിഫിന്‍ ചെള്ളിനെ പിടിച്ച് കവറിനുള്ളിലാക്കി ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയി. ‌

എന്നാല്‍, വിവിധ തരത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് കുട്ടിയുടെ രോഗം സംബന്ധിച്ച് അനുമാനത്തിലെത്താന്‍ സാധിച്ചത്. അതില്‍ പിടികൂടിയ ചെള്ളിനെ കുറിച്ചുള്ള അറിവ് നിര്‍ണായകമായിരുന്നു. ടിക്ക പാരലസിസ് എന്ന അവസ്ഥ ആണ്. കുട്ടികളുടെ തലയിലെ ചെള്ളുകള്‍ ഇത്ര ഭീകരമായ അവസ്ഥയില്‍ അവരെ കൊണ്ടെത്തിക്കുമെന്നത് അമ്മ ജെസ്സീക്കക്ക് മാത്രമല്ല ഈ വാര്‍ത്ത കേട്ട പലര്‍ക്കും പുതിയ അറിവായിരുന്നു. രൂപത്തില്‍ സാധാരണ കാണുന്ന പേന്‍ പോലെയല്ലെങ്കിലും പേനിനെ പോലെത്തന്നെ മനുഷ്യശരീരത്തിലെ രോമങ്ങള്‍ക്കിടയിലും തലയിലെ മുടിയിലുമാണ് ഈ ചെള്ളിനെ കാണാനാവുന്നത്.

‘പെണ്‍ പേന്‍ ചെള്ളുകളാണ് ഈ അവസ്ഥയുണ്ടാക്കുന്നത്. തലയിലെ ചോരയൂറ്റി കുടിക്കുന്ന ചെള്ളുകള്‍ ന്യൂറോ ടോക്‌സിന്‍ പുറത്തു വിടും. ഇതാണ് പക്ഷാഘാതത്തിന് വഴിവെക്കുന്നത്. പേന്‍ ചെള്ളിന്റെ ഉമിനീര്‍ ഗ്രന്ഥികളാണ് ഈ വിഷം പുറത്ത് വിടുന്നത്’, അമേരിക്കന്‍ ലിം ഡിസീസ് ഫൗണ്ടേഷന്‍ പറയുന്നു.

കാലാണ് ആദ്യം തളര്‍ന്നു പോവുക. പിന്നീട് മറ്റ് പല അവയവങ്ങളിലേക്കും വ്യാപിക്കും. തലചുറ്റലും ചലനശേഷി നഷ്ടപ്പെട്ട് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥവരെ ഇത് ഉണ്ടാക്കും. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തളര്‍ന്ന അവസ്ഥ തരണം ചെയ്ത് സാധാരണ നിലയിലേക്ക് കെയ്‌ലിന്‍ എത്തി തുടങ്ങി എന്ന വാര്‍ത്ത അമ്മ ജെസ്സീക്ക പങ്കുവെച്ചു.