സമാധാനത്തിന് ഉറപ്പുനൽകുന്ന ധാരണാപത്രത്തിൽ ഒപ്പുവച്ച് കിമ്മും, ട്രംപും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സമാധാനത്തിന് ഉറപ്പുനൽകുന്ന ധാരണാപത്രത്തിൽ ഒപ്പുവച്ച് കിമ്മും, ട്രംപും

സിംഗപ്പൂർ: തുടർ ചർച്ചകളും ആണവ നിരായുധീകരണവും ഉറപ്പുനൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും സമാധാനത്തിന് ഉറപ്പുനൽകുന്ന ധാരണാപത്രത്തിൽ ഒപ്പുവച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉൻ പറഞ്ഞു.

കൂടിക്കാഴ്ചയോടെ തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. “വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവർ‌ത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടർന്നും കൂടിക്കാഴ്ച നടത്തും”. ട്രംപ് അറിയിച്ചു. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉന്നും അറിയിച്ചു. ”ലോകമെമ്പാടുമുള്ളവർ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു ഫാന്റസി, സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കും.

മുൻകാലങ്ങളിലെ മുൻവിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നത്.” – കിം പറയുന്നു.