കിം ജോങ് ഉന്നിന്റെ സഹോദരൻ യുഎസ് ചാരനെന്ന്  റിപ്പോർട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിം ജോങ് ഉന്നിന്റെ സഹോദരൻ യുഎസ് ചാരനെന്ന്  റിപ്പോർട്ട്

വാഷിങ്ടൻ : ഉത്തര കൊറിയയുടെ പരമാധികാരി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ, കൊല്ലപ്പെട്ട കിം ജോങ് നാം (45) യുഎസ് ചാരസംഘടനയായ സിഐഎയ്ക്ക് വിവരങ്ങൾ നൽകിയിരുന്നയാളാണെന്നു റിപ്പോർട്ട്. 2017 ഫെബ്രുവരിയിൽ ക്വാലലംപുർ വിമാനത്താവളത്തിൽ വച്ച് 2 യുവതികൾ അദ്ദേഹത്തിന്റെ മുഖത്ത് രാസായുധമായ ദ്രവരൂപത്തിലുള്ള വിഎക്സ് പുരട്ടി കൊലപ്പെടുത്തുകയായിരുന്നു.സിഐഎയ്ക്ക് വിവരങ്ങൾ കൈമാറാനെത്തിയ കിമ്മിനെ ഉത്തര കൊറിയ വധിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ആക്രമിക്കപ്പെടുമ്പോൾ കിമ്മിന്റെ ബാഗിലുണ്ടായിരുന്ന 1,20,000 ഡോളർ വിവരങ്ങൾ കൈമാറിയതിന് ലഭിച്ച പ്രതിഫലമായിരുന്നുവെന്നും പറയുന്നു. കിം ജോങ് ഇലിന്റെ പിൻഗാമിയാകുമെന്ന് ഒരിക്കൽ പ്രതീക്ഷിച്ചിരുന്ന കിം നാം ഉത്തര കൊറിയയ്ക്കു വെളിയിൽ പ്രധാനമായും മക്കാവുവിൽ ആണ് താമസിച്ചിരുന്നത്.

‘കാര്യങ്ങൾ വ്യക്തമായറിയാവുന്നയാൾ നൽകിയ വിവരം’ എന്ന പേരിൽ ‘വോൾ സ്ട്രീറ്റ് ജേണൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് സ്ഥിരീകരണമില്ല. റിപ്പോർട്ട് സിഐഎ നിഷേധിച്ചിട്ടില്ല. കിം നാം സിഐഎയ്ക്കു മാത്രമല്ല മറ്റു രാജ്യങ്ങൾക്കും രഹസ്യവിവരങ്ങൾ കൈമാറിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കിം നാമിന്റെ മരണത്തിനിടയാക്കിയ രാസായുധ ആക്രമണം നടത്തിയ ഇന്തൊനീഷ്യക്കാരി സിതി അയിസിയായെയും വിയറ്റ്നാംകാരി ഡൊവാൻ തി ഹുവോങ്ങിനെയും കഴിഞ്ഞ മേയിൽ മലേഷ്യ വിട്ടയച്ചിരുന്നു.


LATEST NEWS