അനുരഞ്ജനത്തിന്റെ പാത മുന്നോട്ടു കൊണ്ടുപോകണം: സമാധാന സൂചന നൽകി കിം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനുരഞ്ജനത്തിന്റെ പാത മുന്നോട്ടു കൊണ്ടുപോകണം: സമാധാന സൂചന നൽകി കിം 

ശീതകാല ഒളിംപിക്‌സിന്റെ ഭാഗമായി ദക്ഷിണ കൊറിയയുമായി ഉത്തര കൊറിയ  ഇപ്പോള്‍ തുറന്നിരിക്കുന്ന അനുരഞ്ജനത്തിന്റെ പാത മുന്നോട്ടുകൊണ്ടുപോകണമെന്ന ആഹ്വാനവുമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ആണവ ബോംബും മിസൈല്‍ പരീക്ഷണങ്ങളും കൊണ്ട് ഉത്തര കൊറിയ രാജ്യാന്തര തലത്തില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ പ്യോങ്ചാങ്ങില്‍ ശീതകാല ഒളിംപിക്‌സ് നടത്തുന്ന ദക്ഷിണ കൊറിയയെ അഭിനന്ദിച്ചു കിം രംഗത്തെത്തിയതോടെ ഇരു കൊറിയകളും തമ്മില്‍ ‘മഞ്ഞുരുകല്‍’ ആരംഭിച്ചിരുന്നു.

കിമ്മിന്റെ ‘മഞ്ഞുരുക്കല്‍ നയ’ത്തിനു ചുക്കാന്‍ പിടിച്ചു ശീതകാല ഒളിംപിക്‌സിനു സംഘാംഗങ്ങളുമായെത്തിയതു സഹോദരി കിം യോ ജോങ് ആയിരുന്നു. അതിനിടെ, ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ യുഎസും തയാറാണെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ വ്യക്തമാക്കി. ഗെയിംസ് വേദിയില്‍നിന്നു വാഷിങ്ടനിലേക്കു പറന്ന യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പരാമര്‍ശമാണ് ഇതിനാധാരം. ‘ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ ചര്‍ച്ച ചെയ്യാം’ വാഷിങ്ടന്‍ പോസ്റ്റിനു നല്‍കിയ പ്രസ്താവനയില്‍ മൈക്ക് പെന്‍സ് പറഞ്ഞിരുന്നു.

അതേസമയം, ഒളിംപിക്‌സില്‍ ഉത്തര കൊറിയയുടെ പ്രാതിനിധ്യം ‘പ്രത്യേക മുന്‍ഗണനയോടെ’ ഉറപ്പുവരുത്തിയ ദക്ഷിണ കൊറിയയ്ക്ക് കിം നന്ദി അറിയിച്ചതായി രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, നിലവിലെ ‘അനുരഞ്ജനത്തിന്റെയും ചര്‍ച്ചകളുടെയും’ കാലാവസ്ഥ തുടരണമെന്നതിനുള്ള ‘പ്രധാനപ്പെട്ട നിര്‍ദേശങ്ങളും’ കിം നല്‍കിയിട്ടുണ്ട്. 


Loading...
LATEST NEWS