അനധികൃത ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി കുവൈത്ത് ഗവണ്‍മെന്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനധികൃത ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി കുവൈത്ത് ഗവണ്‍മെന്റ്

കുവൈത്ത്: അനധികൃത ഡ്രൈവിങ് ലൈസന്‍സ് നേടിയവരുടെ അംഗീകാരം കുവൈത്ത് ഗവണ്‍മെന്റ് കൂട്ടത്തോടെ റദ്ദാക്കി. ആയിരക്കണക്കിന് വിദേശികളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. കൂടുതല്‍ ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. 

ഡ്രൈവിങ് ലൈസന്‍സ് അനുവദനീയമായ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ ലഭിച്ച ലൈസന്‍സ് തസ്തിക മാറിയിട്ടും തിരിച്ചേല്‍പ്പിക്കാത്തവരും അനധികൃത രീതിയില്‍ ലൈസന്‍സ് സമ്പാദിച്ചവരുമായ 37,000 പേരുടെ ലൈസന്‍സ് ആണ് പിന്‍വലിച്ചത്.  

നിയമവിധേയമായി വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് കുവൈത്തില്‍ സംവിധാനമുണ്ട് . ചില തസ്തികകളില്‍ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസന്‍സ് അനുവദിക്കുകയും ചെയ്യും. സാധാരണഗതിയില്‍ പ്രതിമാസം 600 കുവൈത്ത് ദിനാര്‍ ശമ്പളം, ബിരുദം, കുവൈത്തില്‍ രണ്ട് വര്‍ഷം താമസം എന്നിവയാണ് ഉപാധി. ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവര്‍ അനധികൃത രീതിയില്‍ ലൈസന്‍സ് സമ്പാദിക്കാറുണ്ട്. ഇതിനെതിരെയാണ് കുവൈത്ത് ഗവണ്‍മെന്റ് രംഗത്ത് വന്നത്.