അറഫ സംഗമം നടക്കുന്ന ദിനത്തിൽ വിശുദ്ധ കഅ്ബയെ പുതിയ കിസ്‍വ അണിയിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അറഫ സംഗമം നടക്കുന്ന ദിനത്തിൽ വിശുദ്ധ കഅ്ബയെ പുതിയ കിസ്‍വ അണിയിച്ചു

മക്ക: വിശുദ്ധ കഅ്ബയെ പുതിയ കിസ്‍വ അണിയിച്ചു. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം നടക്കുന്ന ദിനത്തിലാണ് എല്ലാ വര്‍ഷവും കഅ്‍ബയുടെ കിസ്‍വ മാറ്റുന്നത്. ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്‍ദുറഹ്‍മാന്‍ അല്‍ സുദൈസിന്റെ നേതൃത്വത്തില്‍ 160ഓളം വിദഗ്ദരാണ് കിസ്‍വ മാറ്റാനായി പ്രവര്‍ത്തിച്ചത്. 

നിര്‍മാണം പൂര്‍ത്തിയായ പുതിയ കിസ്‍വ കഴിഞ്ഞയാഴ്ച തന്നെ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ കൈമാറിയിരുന്നു.  നാല് ഭാഗങ്ങളും ബന്ധിപ്പിച്ച് പഴയ കിസ്‍വ പതുക്കെ താഴ്ത്തുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് പുതിയ കിസ്‍വ പുതപ്പിച്ചു. കഅ്ബയുടെ നാല് വശങ്ങള്‍ക്കും വാതിലിനും വേണ്ടി അഞ്ച് ഭാഗങ്ങളായാണ് കിസ്‍വ തയ്യാറാക്കുന്നത്. ഇവ പിന്നീട് തുന്നി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കിസ്‍വ മാറ്റുന്നതിന് മുന്‍പ് കഅ്ബയുടെ ചുവരുകളും വാതിലും കഴുകി വൃത്തിയാക്കിയിരുന്നു.

120 കിലോഗ്രാം സ്വര്‍ണനൂലും 100 കിലോഗ്രാം വെള്ളിനൂലും കിസ്‍വ നിര്‍മാണത്തിന് ഉപയോഗിച്ചു. 670 കിലോഗ്രാം പട്ട് ഉപയോഗിച്ചാണ് കിസ്‍വ നെയ്തെടുക്കുന്നത്. മുകള്‍ ഭാഗത്ത് ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത പട്ടയുമുണ്ട്. ഇതിന് പുറമെ മറ്റ് ഭാഗങ്ങളിലും സ്വര്‍ണം പൂശിയ വെള്ളിനൂലുകൊണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. മക്കയിലെ കിങ് അബ്ദുല്‍ അസീസ് കോംപ്ലക്സിലാണ് കിസ്‍വ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.  ഒന്‍പത് മാസത്തോളം സമയമെടുത്താണ് കിസ്‍വ നിര്‍മിക്കുന്നത്. ഇരുനൂറോളം സ്വദേശികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 16 മീറ്റര്‍ നീളത്തിലുള്ള നെയ്‍ത്ത് യന്ത്രവും ഗുണമേന്മാ പരിശോധനയ്ക്കുള്ള ലാബും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.