സൈനികനടപടികള്‍ നിര്‍ത്തിവയ്ക്കണം: ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സൈനികനടപടികള്‍ നിര്‍ത്തിവയ്ക്കണം: ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ്

വാഷിങ്ടൻ∙ ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രംഗത്ത്. അമേരിക്കയ്ക്കോ അമേരിക്കന്‍ ഐക്യനാടുകള്‍ക്കെതിരായി ഉത്തരകൊറിയ പ്രകോപനമുണ്ടാക്കിയാല്‍ വലിയ വില നല്‍കേണ്ടി വരും. ഉത്തരകൊറിയയുടെ അമേരിക്കയ്ക്കെതിരായ നടപടികള്‍  അവിടെയുള്ള ജനങ്ങളുടേയും നാശം ക്ഷണിച്ചുവരുത്തും. പ്യോങ്യാങ് സൈനികനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും മാറ്റിസ് ആവശ്യപ്പെട്ടു. 

ഉത്തര കൊറിയ നിലവില്‍ അമേരിക്കയ്ക്കു ഭീഷണിയല്ല. ഉത്തര കൊറിയയെ നേരിടാൻ യുഎസ് സൈന്യം പൂര്‍ണസജ്ജമാണെന്നും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും വ്യക്തമാക്കി. യുഎസിനെതിരെ ഭീഷണി തുടർന്നാൽ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്തവിധം ‘തീയും കോപവും’ ഏറ്റുവാങ്ങേണ്ടിവരുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭീഷണിപ്പെടുത്തിയിരുന്നു. 

പസിഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമിനെ ആക്രമിക്കുമെന്ന് ഉത്തരകൊറിയ ബുധനാഴ്ച ഭീഷണി മുഴക്കി. പ്രസിഡന്റ് കിം ജോങ് ഉൻ അനുമതി നൽകിയാൽ ഏതു നിമിഷവും ആക്രമണമുണ്ടാകുമെന്നാണ് ഉത്തരകൊറിയയുടെ പട്ടാള വക്താവ് വെളിപ്പെടുത്തിയത്.  ശത്രുക്കളുടെ എല്ലാ ശക്തികേന്ദ്രങ്ങളെയും തുടച്ചുനീക്കി യുദ്ധത്തിലേക്കു പോകാൻ മടിക്കില്ലെന്ന് കൊറിയ മുന്നറിയിപ്പു നൽകി. യുഎസ് സൈനിക കേന്ദ്രം കൂടിയാണ് ഗുവാം. ഇതിന്റെ തുടർച്ചയെന്നോണമാണ് യുഎസിന്റെ ഭാഗത്തുനിന്നും ഇന്നു വന്ന വിശദീകരണം.