യുഎസിന് ഭീഷണിയും പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎസിന് ഭീഷണിയും പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ

സോൾ: യുഎസിന് ഭീഷണിയും പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ. ഐക്യരാഷ്ട്ര സംഘടനയിൽ വാഷിങ്ടൻ നടത്തുന്ന സമ്മർദ്ദ നീക്കങ്ങളാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. യുഎൻ യോഗത്തിൽ ഉപരോധങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നു യുഎസ് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണു പ്രതിരോധതന്ത്രവുമായി ഉത്തര കൊറിയ രംഗത്തെത്തിയത്.

ഉത്തര കൊറിയയുടെ ആറാം ആണവപരീക്ഷണത്തിനു പിന്നാലെ യുഎന്നിൽ സമ്മർദ്ദം ചെലുത്തി ഉത്തര കൊറിയക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നുണ്ട്. യുഎൻ രക്ഷാസമിതി ഉത്തര കൊറിയയുടെ പ്രവൃത്തകൾ വിലയിരുത്തി കർശന നടപടി എടുക്കണമെന്നാണ് ആവശ്യം. ഇതിനു മറുപടിയായി, ‘വലിയ വേദനയും ദുരിതവും’ യുഎസിനു മേൽ ചുമത്തുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു.

ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി നിരോധിക്കുക, ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വത്ത് മരവിപ്പിക്കുക, ഇവിടെ നിന്നുള്ള വസ്ത്ര കയറ്റുമതി അവസാനിപ്പിക്കുക, ഉത്തര കൊറിയയിൽ നിന്നുള്ള തൊഴിലാളികളെ മടക്കി അയക്കുക തുടങ്ങിയവയാണ് യുഎസ് മുന്നോട്ടുവച്ചിരിക്കുന്നത്. ഈ ആവശ്യങ്ങളോടു ചൈനയും റഷ്യയും താൽപര്യം കാണിച്ചിട്ടില്ല. ഇവരുടെ എതിർപ്പ് മറികടന്ന് ഉപരോധം ഏർപ്പെടുത്താനാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഉത്തര കൊറിയയുടെ വാർത്ത ഏജൻസി കെസിഎൻഎ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് യുഎസിനുള്ള മുന്നറിയിപ്പുള്ളത്. രാജ്യത്തിനുമേൽ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നിയമവിരുദ്ധമായ പ്രമേയം യുഎന്നിൽ പാസാക്കിയാൽ അതിനുള്ള വില യുഎസ് നൽകേണ്ടി വരുമെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. വാചകമടി തുടർന്നാൽ യുഎസ് കനത്ത വില നൽകേണ്ടി വരുമെന്നു കഴിഞ്ഞദിവസവും ഉത്തരകൊറിയ നിലപാടെടുത്തിരുന്നു.

സ്ഫോടകശേഷി കൂടിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച് കഴിഞ്ഞ ദിവസം ഉത്തരകൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ബോംബർ വിമാനങ്ങൾ വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിന്റെ (15 കിലോ ടൺ) എട്ടിരട്ടി (120 കിലോ ടൺ) സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് പരീക്ഷിച്ചത്. ഭൂചലനമാപിനികളിൽ ആണവസ്ഫോടനം 6.3 തീവ്രത രേഖപ്പെടുത്തി. ഇതേത്തുടർന്നാണ് ഉപരോധ നടപടികളുമായി യുഎസ് മുന്നോട്ടുനീങ്ങുന്നത്.

ഉത്തര കൊറിയയ്ക്കെതിരെ സൈനിക നടപടിക്കു സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ‘സൈനിക നടപടി തീർച്ചയായും പരിഗണനയിലുള്ള സാധ്യതയാണ്. ഒഴിച്ചുകൂടാനാവില്ലെങ്കിൽ എന്തുചെയ്യും? ഞങ്ങൾ എല്ലാകാര്യങ്ങളും വിശദമായി നിരീക്ഷിക്കുകയാണ്. 25 വർഷമായി പല പ്രസിഡന്റുമാർ മാറിമാറി വന്നു. അവരെല്ലാം ചർച്ചകൾ തുടർന്നു. ആണവായുധ കാര്യങ്ങളിൽ ഉത്തര കൊറിയയുമായി കരാർ സാധ്യമായിട്ടില്ല. സൈനിക വഴി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അതിനുള്ള സാഹചര്യമുണ്ടായാൽ ഒഴിവാക്കാനുമാവില്ല’– ട്രംപ് പറഞ്ഞു.
 


LATEST NEWS