ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങൾ ഉൾപ്പെടുന്ന സൈനിക രേഖകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങൾ ഉൾപ്പെടുന്ന സൈനിക രേഖകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

സോൾ: ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങൾ ഉൾപ്പെടുന്ന സൈനിക രേഖകളും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ചോർത്തിയതായി റിപ്പോർട്ട്. ഉത്തര കൊറിയയുടെ ഹാക്കർമാരാണ് രേഖകള്‍ ചോർത്തിയതെന്ന് ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗം റീ ഛിയാൾ ഹീ ആരോപിച്ചു.

പ്രതിരോധ മന്ത്രാലയത്തിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ ആരോപണത്തോടു പ്രതികരിക്കാൻ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചു. ദക്ഷിണ കൊറിയ ഭരിക്കുന്ന പാർട്ടിയുടെ എംപിയും പാർലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയംഗവും കൂടിയാണ് റീ. സ്പാർട്ടൻ 300 എന്നാണ് കിം ജോങ് ഉൻ ഉൾപ്പെടെയുള്ള ഉത്തര കൊറിയൻ നേതാക്കളെ വധിക്കാനുള്ള ദക്ഷിണ കൊറിയൻ പദ്ധതിയുടെ പേര്.

ഉത്തരവിട്ടാൽ 24 മണിക്കൂറിനുള്ളിൽ നേതാക്കളെ വധിച്ചു തിരിച്ചെത്തുന്ന പ്രത്യേക സേനാ വിഭാഗത്തിന്റെ പദ്ധതിയും ചോർന്ന രേഖകളിൽപ്പെടുന്നു. ഈ രേഖകൾ കൈവശം വന്നതിനെത്തുടർന്നാണ് അടിയന്തരമായി കിം അണ്വായുധ വികസനവും ഹൈഡ്രജൻ ബോംബ് പരീക്ഷണങ്ങളും നടത്തിയതെന്നാണ് അനുമാനിക്കപ്പെടുന്നത്.

രാജ്യത്തിന്റെ ഡിഫൻസ് ഇന്റഗ്രേറ്റഡ് ഡേറ്റാ സെന്ററിൽനിന്നാണ് 235 ജിബി സൈനിക രേഖകൾ ചോർന്നത്. ഇതിൽ 80 ശതമാനത്തോളം രേഖകളും ഏതൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹാക്കർമാർ ഇതു ചോർത്തിയത്. മേയിൽ ഉത്തര കൊറിയൻ ഹാക്കർമാർ വലിയതോതിൽ രേഖകൾ ചോർത്തിയതായി ദക്ഷിണ കൊറിയ വെളിപ്പെടുത്തിയെങ്കിലും ഏതൊക്കെയെന്നു പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഈ ആരോപണം ഉത്തര കൊറിയ നിഷേധിച്ചിരുന്നു.


LATEST NEWS