പാക്കിസ്ഥാന് സ്വന്തം പൗരന്മാരിൽ നിന്നു തിരിച്ചടി; യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ വേദിക്കു മുന്നിൽ ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാക്കിസ്ഥാന് സ്വന്തം പൗരന്മാരിൽ നിന്നു തിരിച്ചടി; യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ വേദിക്കു മുന്നിൽ ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം

ജനീവ: കശ്മീർ വിഷയം ഉന്നയിച്ച് ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ച പാക്കിസ്ഥാന് സ്വന്തം പൗരന്മാരിൽ നിന്നു തിരിച്ചടി. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്ക് പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങളെ കുറിച്ച് ലോക രാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ വേദിക്കു മുന്നിൽ ടെന്റ് കെട്ടി ബാനറുകൾ സ്ഥാപിച്ചായിരുന്നു ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. പാക്കിസ്ഥാനെതിരെ ഇവർ മുദ്രാവാക്യങ്ങളും മുഴക്കി.

പാക്കിസ്ഥാൻ പരിഷ്‌കൃത രാജ്യമല്ലെന്നും ബലൂചിസ്ഥാൻ, സിന്ധ്, പാക്ക് അധീന കശ്മീർ എന്നിവിടങ്ങളിൽ പാക്ക് പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങൾ കണ്ടില്ലെന്നു നടിച്ചിട്ട് കശ്മീർ ജനതയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാൻ നാണമില്ലെയെന്നും ബലൂച് മൂവ്മെന്റ് സംഘാടകൻ റസാഖ് ബലൂച് ചോദിച്ചു. മേഖല പാക്ക് പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നും പാക്കിസ്ഥാനിൽ നിന്നു സ്വാതന്ത്ര്യത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിൽ പാക്കിസ്ഥാന്റെ സാന്നിധ്യമുള്ളിടത്തോളം കാലം ബലൂചിസ്ഥാനിൽ സമാധാനമുണ്ടാകില്ലെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബലൂച് ദേശീയ മൂവ്മെന്റ് നേതാവ് നബി ബക്ഷ് ബലൂച് പറഞ്ഞു. ‘ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തില്ല. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇവിടെയെത്തേണ്ടി വന്നത്. ഞങ്ങൾ മുന്നോട്ടു വന്ന് ശബ്ദമുയർത്തിയില്ലെങ്കിൽ ഞങ്ങളുടെ ശബ്ദം ആരു കേൾക്കും’ – നബി ബക്ഷ് പറഞ്ഞു.

ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ നടപടി ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള പുരോഗമനപരമായ ചുവടുവയ്പ്പാണെന്ന് റസാഖ് ബലൂച് പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പാക്കിസ്ഥാന്റെ പങ്കാളിയാണ് ചൈന. ഞങ്ങളുടെ സ്വർണവും സ്വത്തും ചൈന കൊള്ളയടിക്കുകയാണ്. ചൈനീസ് കമ്പനികളാണ് ബലൂചിസ്ഥാനിലെ സ്വർണ ഖനനം നടത്തുന്നത്. ബലൂചിസ്ഥാനിലെ സ്വർണം ഖനനം ചെയ്താണ് ചൈന സമ്പന്നരായത്. പാക്ക് പട്ടാളത്തിന്റെ തലപ്പത്തുള്ളവരും ഇതിന്റെ പങ്കുകാരാണെന്നും ബലൂചിസ്ഥാന് അവകാശപ്പെട്ട പണം അവർ സ്വിസ് ബാങ്കിൽ നിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.