യുഎസ് നയതന്ത്രജ്ഞന് യാത്രാനുമതിയായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎസ് നയതന്ത്രജ്ഞന് യാത്രാനുമതിയായി

ഇസ്‍ലാമാബാദ്∙ ബൈക്ക് യാത്രക്കാരൻ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ യുഎസിലേക്കു തിരിച്ചയച്ചു. ഉദ്യോഗസ്ഥനെ വിട്ടുകിട്ടുന്നതിനായി യുഎസ് ഉയർത്തിയ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണു നടപടി. നിയമം അനുസരിച്ച് ഇയാളുടെ വിചാരണ യുഎസില്‍ നടത്താമെന്നാണു അറിയിച്ചിരുന്നത്.

ഏപ്രിൽ ഏഴിനു നടന്ന അപകടത്തിൽ യുഎസ് ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഹാള്‍ ഓടിച്ച കാർ ഇടിച്ചാണ് ഇസ്‍ലാമാബാദിൽ 22 കാരനായ ബൈക്ക് യാത്രികൻ മരിക്കുന്നത്. 

വിയന്ന കൺവെൻഷനിൽ കൈകൊണ്ട തീരുമാനപ്രകാരമാണു ഹാളിനെ ഇസ്‍‌ലാമാബാദ് പൊലീസ് യുഎസിലേക്കു തിരികെവിട്ടത്. സംഭവത്തെ തുടർന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകൾ വീണിരുന്നു. 

തീവ്രവാദികൾക്കു പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാക്കിസ്ഥാനെതിരെ വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് ഇസ്‌‍ലാമബാദിൽ റോഡപകടത്തിൽ യുഎസ് ഉദ്യോഗസ്ഥൻ പ്രതിയാകുന്നത്. ഈ സംഭവത്തിൽ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനു നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് ഇസ്‌ലാമാബാദിലെ ഒരു കോടതി വ്യക്തമാക്കിയിരുന്നു.

ഉദ്യോഗസ്ഥൻ പാക്കിസ്ഥാൻ വിട്ടെന്ന് ഇസ്‍ലാമാബാദിലെ യുഎസ് എംബസിയും അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പാക്കിസ്ഥാൻ യുഎസിനു കൈമാറിയതായി പാക്ക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. മോചനത്തെ തുടർന്ന് പാക്കിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കാണ് ഹാൾ പോയത്.


LATEST NEWS