നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പുതിയ ഇന്ത്യ; രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പുതിയ ഇന്ത്യ; രാഹുല്‍ ഗാന്ധി

കാലിഫോര്‍ണിയ: നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമരാഹിത്യവും അഹിംസയുമാണ് ഇന്ത്യന്‍ ജനതയെ ഒന്നിച്ച് നിര്‍ത്തുന്നത്‌. മനുഷ്യ ചരിത്രത്തില്‍ ഇന്ത്യയല്ലാതെ മറ്റൊരു ജനാധിപത്യ രാജ്യത്തിനും ഇത്രയധികം പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞിട്ടില്ല. ഓര്‍ക്കുക ഇതെല്ലാം നടന്നത് അഹിംസാ മാര്‍ഗത്തിലൂടെ തന്നെയാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആഗോള ചിന്തകരുമായും രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായിട്ടാണ് രാഹുല്‍ അമേരിക്കയിലെത്തിയത്.

ധ്രുവീകരണത്തിന്റെ രാഷ്ട്രീയം അതിന്റെ ഏറ്റവും മ്ലേച്ഛമായ നിലയിലാണ് ഇന്ത്യയില്‍ നടമാടുന്നത്. ഇത് വളരെ ആപത്കരമാണ്. ഇത് ജനങ്ങളെ ഒറ്റപ്പെടുത്തുകയും അവരെ തീവ്രവാദ ആശയങ്ങളിലേക്ക് വഴിതെറ്റിക്കാനും ഇടവരുത്തും. കശ്മീരില്‍ യുപിഎ സര്‍ക്കാര്‍ ഒമ്പത് വര്‍ഷം കൊണ്ട് ഉണ്ടാക്കിയ അധ്വാനം 30 ദിവസത്തെ എന്‍ഡിഎ ഭരണം കൊണ്ട് തകര്‍ത്ത് കളഞ്ഞു. കശ്മീര്‍ വീണ്ടും കലാപഭൂമിയായി മാറി.

ഇടത്തോട്ടോ വലത്തോട്ടോ ഇന്ത്യ എങ്ങോട്ട് എന്ന് ചോദിച്ചപ്പോള്‍ നേരെ തലയുയര്‍ത്തി നില്‍ക്കുമെന്നാണ് ഇന്ദിരാ ഗാന്ധി പറഞ്ഞത്. അക്രമരാഹിത്യം എന്ന സന്ദേശം ഇന്ന് ഭീഷണി നേരിടുകയാണ്, എങ്കിലും ഇത് മാത്രമാണ് മനുഷ്യസമൂഹത്തെ മുന്നോട്ട് നയിക്കുക എന്ന് ഓര്‍ക്കണം. വ്യക്തിക്ക് ആശയമില്ലായിരിക്കാം, പക്ഷേ ഓരോ ആശയത്തിനും ഒരു വ്യക്തിയുണ്ട്-അതാണ് ഇന്ത്യ. ഒരു ഘട്ടത്തില്‍ എല്ലാവരും കരുതി ഇന്ത്യ പരാജയപ്പെടുമെന്ന്, പക്ഷേ ഇന്ത്യ കൂടുതല്‍ ശക്തമായി മുന്നോട്ട് പോയി.

രാജീവ് ഗാന്ധിയും സാം പിട്രോഡയും ഇന്ത്യയില്‍ കംപ്യൂട്ടറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ജനങ്ങള്‍ ചിരിച്ചു പരിഹസിച്ചു, എന്തിനാണ് നമുക്ക് കംപ്യൂട്ടര്‍ എന്ന് വരെ ചോദിച്ചു. ഒരു ബിജെപി നേതാവ് പിന്നീട് പ്രധാനമന്ത്രി വരെയായ വ്യക്തി വരെ ഇന്ത്യ പോലൊരു രാജ്യത്തിന് എന്തിനാണ് കംപ്യൂട്ടര്‍ എന്ന് ചോദിച്ചു.

ഇന്ന് ഇന്ത്യയില്‍ പുരോഗമനവാദികളായ ജേര്‍ണലിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നു, ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നു. ഇതെല്ലാം ലക്ഷക്കണക്കിന് ആളുകളില്‍ ഈ രാജ്യത്തിന് ഭാവിയില്ല എന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ആശയങ്ങളും വീക്ഷണവും രൂപപ്പെടുത്തുന്നത് ചര്‍ച്ചകളിലൂടെയാണ് അല്ലാതെ അടിച്ചേല്‍പ്പിക്കാറില്ല.


നോട്ട് നിരോധനവും വേണ്ടത്ര തയാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പാക്കിയതും സാമ്പത്തിരംഗത്തിന് കനത്ത സമ്മര്‍ദമുണ്ടാക്കി. നോട്ട് നിരോധനം ഏകപക്ഷീയമായി എടുത്ത തീരുമാനമായിരുന്നു. ലക്ഷക്കണക്കിന് തൊഴിലസവരങ്ങള്‍ നഷ്ടപ്പെട്ടു. ജിഡിപി വളര്‍ച്ചയില്‍ രണ്ട് ശതമാനം ഇടിവുണ്ടാക്കി.

ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി തൊഴിലാണ്. വര്‍ഷം തൊറും ഏകദേശം 1.2 കോടി യുവാക്കളാണ് തൊഴില്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നത്. ചൈനയെ പോലയല്ല, ഞങ്ങള്‍ക്ക് ജനാധിപത്യ അന്തരീക്ഷത്തില്‍ തന്നെ തൊഴിലവസരം സൃഷ് ടിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ തൊഴിലവസരം വരേണ്ടത് ചെറുകിട ഇടത്തരം വ്യവസായങ്ങളിലൂടെയാണ്. എന്നാല്‍ ഇന്ന് എല്ലാ ശ്രദ്ധയും മുന്‍നിരയിലുള്ള 100 കമ്പനികളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

കോണ്‍ഗ്രസിനെക്കുറിച്ച് സ്വയം വിമര്‍ശനത്തിനും അദ്ദേഹം ആശയവിനിമയത്തിനിടെ തയാറായി. 2012 ഓടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഹങ്കാരം കൂടി. ജനങ്ങളുമായി ചര്‍ച്ചയില്ലാതായി എന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമത്തിന് മോദി മൂക്കുകയറിട്ടു. അതുവഴി ഒരുപാട് വിവരങ്ങള്‍ പുറത്തേക്ക് വരാതായി. മോദിക്ക് കഴിവുകളുണ്ട്, നന്നായി ആശയവിനിമയം നടത്താന്‍ കഴിവുണ്ട്. എന്നെക്കാളും നന്നായി അതില്‍ വശമുണ്ട് അദ്ദേഹത്തിന്.

'എനിക്ക് മുത്തച്ഛനെ നഷ്ടപ്പെട്ടു. പിതാവിനെ നഷ്ടപ്പെട്ടു. എനിക്ക് ഹിംസയെക്കുറിച്ച് മനസ്സിലാവില്ലെങ്കില്‍ മറ്റാര്‍ക്ക് അത് മനസ്സിലാകും. ഇന്ദിരയ്ക്ക് നേരെ 32 തവണ നിറയൊഴിച്ചവര്‍ എന്റെ സുഹൃത്തുക്കളായിരുന്നു. അവരോടൊപ്പം ഞാന്‍ ബാഡ്മിന്റണ്‍ കളിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഞാന്‍ കാണുന്നത് മുത്തശ്ശി വെടിയേറ്റ് മരിച്ചതാണ്. ആര്‍ക്കെതിരായിട്ടുള്ളതായാലും ഹിംസ തെറ്റാണ്. അതിനെ ഞാന്‍ അപലപിക്കുന്നു. സിഖ് വംശജരെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അവര്‍ക്ക് നീതികിട്ടാനായി എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ അത് ചെയ്യുന്ന ആദ്യത്തെ ആള്‍ ഞാനായിരിക്കും.
 


LATEST NEWS