റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ തീരുമാനം അപലനീയമെന്ന് യു.എന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ തീരുമാനം അപലനീയമെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കൂട്ടത്തോടെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ തീരുമാനം അപലനീയമെന്ന് യു.എന്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടുന്നിടത്തേക്ക് തന്നെ അവരെ തിരിച്ചയക്കരുതെന്ന് ഐക്യരാഷ്ട്രസഭ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ അഭയം തേടിയെത്തിയ രോഹിന്‍ഗ്യ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു നാട്കടത്താനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന. അന്താരാഷ്ട്ര നിയമമനുസരിച്ച്‌ ഇന്ത്യ അത്തരത്തമൊരു നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ സൈദ് റഹ്ദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി.

റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൂരമായ സൈനിക നടപടി അവസാനിപ്പിക്കണം. റോഹിങ്ക്യന്‍ ജനതക്ക് നേരെ നടക്കുന്ന വ്യാപകമായ വിവേചനവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്ന് മ്യാന്മാറിനോട് ആവശ്യപ്പെടുന്നുവെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മ്യാന്‍മര്‍ പ്രവേശനം നിഷേധിച്ചതിനാല്‍ റോഹിങ്ക്യന്‍ ജനതയുടെ നിലവിലെ സ്ഥിതി പൂര്‍ണമായി കണക്കാക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സുരക്ഷാ സേനകള്‍ റോഹിങ്ക്യ ഗ്രാമങ്ങള്‍ ആക്രമിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്യുന്നതിന്‍െറ സാറ്റലൈറ്റ് ചിത്രമടക്കമുള്ള റിപ്പോര്‍ട്ടുകള്‍ യു.എന്നിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകദേശം 40,000ഓളം രോഹിന്‍ഗ്യ മുസ്ലിംകള്‍ ഇന്ത്യയിലുണ്ടെന്ന്് അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ 16,000 പേര്‍ക്ക് അഭയാര്‍ഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടുള്ളതാണ്. ഇവര്‍ക്കെതിരെ മ്യാന്‍മറില്‍ കടുത്ത വംശീയ സംഘര്‍ഷം നടക്കുമ്പോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണെന്നും ഹൈക്കമ്മിഷണര്‍ പറഞ്ഞു.