പുല്‍വാമ ഭീകരാക്രമണം, അപലപിച്ച് 70 രാജ്യങ്ങൾ ഇറാനൊപ്പം അഫ്ഗാനിസ്ഥാനും പാക്കിസ്ഥാന്‍ അംബാസിഡറെ വിളിച്ചുവരുത്തി അതൃപ്തിയറിയിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പുല്‍വാമ ഭീകരാക്രമണം, അപലപിച്ച് 70  രാജ്യങ്ങൾ ഇറാനൊപ്പം അഫ്ഗാനിസ്ഥാനും പാക്കിസ്ഥാന്‍ അംബാസിഡറെ വിളിച്ചുവരുത്തി അതൃപ്തിയറിയിച്ചു

പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ലോകരാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാനെതിരേ വൻ പ്രതിഷേധം നടക്കുകയാണ്. അമേരിയ്ക്ക ഉൾപ്പെടെ ലോകരാഷ്ട്രങ്ങൾ ജയ്ഷ് എ മൊഹമ്മദിനെ സംരക്ഷിയ്ക്കുന്ന പാക് ഭരണകൂടത്തിനെതിരേ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്. എഴുപത് രാജ്യങ്ങൾ ഈ ഭീകരാക്രമണത്തെ അതിശക്തമായി അപലപിച്ചിട്ടുണ്ട്.

ഫ്രാൻസ് മസൂദ് അസ്‌ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിയ്ക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ നേരിട്ട് സമർപ്പിയ്ക്കുമെന്ന് അറിയിയ്ക്കുകയും മസൂദ് അസ്‌ഹറിനെ സംരക്ഷിയ്ക്കുന്ന ചൈനയ്ക്കെതിരേ പരാമർശങ്ങൾ നടത്തുകയും ചെയ്തു.

അതോടൊപ്പം ന്യൂസിലാൻഡ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ അവരുടെ പാർലമെന്റുകളിൽ പാക് ഭീകരവാദത്തിനെതിരേ പ്രമേയം അവതരിപ്പിച്ചു. ന്യൂസിലാൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൻ പീറ്റർ പാർലമെന്റിൽ പ്രമേയം അവതരിപ്പിയ്ക്കുകയും ഐക്യകണ്ഠമായി ന്യൂസിലാൻഡ് പാർലമെന്റ് പ്രമേയം പാസ്സാക്കുകയും ചെയ്തു.

ഭാരതത്തിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ സൊഹൈൽ മഹ്മൂദിനെ വിളിച്ചുവരുത്തി ശക്തമായ അതൃപ്തി അറിയിച്ചിരുന്നു. ഇറാൻ പാക്കിസ്ഥാൻ അംബാസിഡർ റിഫദ് മസൂദിനെ വിളിച്ചുവരുത്തി ഇറാനിൽ ഭീകരാക്രമണത്തിനു കാരണമായവരെ സംരക്ഷിയ്ക്കുന്നതിനെ അതിശക്തമായി അപലപിയ്ക്കുകയുണ്ടായി. ഇറാനൊപ്പം ഇപ്പോൾ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാൻ അംബാസിഡറെ വിളിച്ചുവരുത്തി അതൃപ്തിയറിയിച്ചിരിയ്ക്കുകയാണ്.

പാക്കിസ്ഥാനെതിരേ ഇന്ത്യ നടപടിയെന്തെങ്കിലും എടുത്താൽ അഫ്ഗാനിസ്ഥാൻ സമാധാനശ്രമങ്ങളെ അത് ബാധിച്ചിരിയ്ക്കും എന്ന പാക്കിസ്ഥാൻ ഗവണ്മെന്റിന്റെ ഭീഷണിയ്ക്കെതിരേയാണ് പാക് അംബാസിഡറെ വിളിച്ചുവരുത്തി അഫ്ഗാനിസ്ഥാൻ അതൃപ്തിയറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയകാര്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യമന്ത്രി ഇദ്രീസ് അമൻ ആണ് പാക്കിസ്ഥാൻ അംബാസിഡറെ ഗവണ്മെന്റ് വിളിച്ചുവരുത്തി ഔദ്യോഗികമായി അതൃപ്തിയറിയിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതും സംരക്ഷിയ്ക്കുന്നതുമായ പാക്കിസ്ഥാൻ നയങ്ങളേയും താലിബാനെ വളർത്തുകയും സഹായിയ്ക്കുകയും ചെയ്യുന്ന നടപടികളേപ്പറ്റിയും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ യോഗത്തിൽ അഫ്ഗാനിസ്ഥാൻ ഔദ്യോഗികമായി പരാതി നൽകിയിരുന്നു.

ലോകരാഷ്ട്രങ്ങൾക്കിടയിൽ മുഴുവൻ ഭാരതത്തിന്റെ മാറിയ വിദേശനയം ശക്തമായ സാന്നിദ്ധ്യമാകുന്നതിന്റെ തെളിവാണിതെന്ന് നയതന്ത്രവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ഇറാനും അഫ്ഗാനിസ്ഥാനും ഇസ്രേയലും ഒരുമിച്ച് നിൽക്കുകയും സഹായം വാഗ്ദാനം ചെയ്യുന്ന സൗഹൃദരാജ്യമായി ഭാരതം മാറിയത് ”ഇൻഡ്യ ഫസ്റ്റ്” എന മാറിയ വിദേശനയത്തിന്റെ വൻ വിജയമാണെന്നാണ് നയതന്ത്രനിരീക്ഷകർ അഭിപ്രായപ്പെടുന്നത്.